പാലക്കാട്: കെഎസ്ഇബി ഫ്യൂസ് ഊരിയതോടെ പാലക്കാട് ജില്ലയിലെ മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്മെന്റ് പ്രവർത്തനം ഒന്നാകെ നിലച്ചു. എഐ ക്യാമറകളുടെ നിരീക്ഷണവും സാങ്കേതിക സംവിധാനങ്ങളും ഒരുക്കുന്ന ഓഫീസ് പ്രവർത്തനം ഇരുട്ടിലായി.
വകുപ്പിന്റെ ആകെയുള്ള അഞ്ച് ഇലക്ട്രോണിക് വാഹനങ്ങളും ചാർജ് ചെയ്യാനാവാത്ത സ്ഥിതിയിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡുകളുടെ പ്രവർത്തനവും നിശ്ചലമായി. കുടിശിക അരലക്ഷം രൂപ കടന്നതോടെയാണ് കെഎസ്ഇബി ഫ്യൂസൂരാൻ തീരുമാനിച്ചത്.
ഫ്യൂസ് ഊരിയതോടെ പാലക്കാട് ഡിജില്ലയിലെ ആറ് താലൂക്കുകളിലായി സ്ഥാപിച്ച 47 എഐ ക്യാമറകളുടെ നിരീക്ഷണ സംവിധാനവും നിലച്ചിരിക്കുകയാണ്. ഇതോടെ വാഹനങ്ങൾക്ക് പിഴ ഈടാക്കുന്ന പ്രവർത്തനവും നിർത്തിവെച്ചു. മാസം രണ്ടരക്കോടി രൂപയുടെ വരുമാനം സർക്കാരിന് നൽകുന്ന ഓഫീസാണ് അരലക്ഷം രൂപ വൈദ്യുതി ബില്ല് കുടിശികയായതിനെ തുടർന്ന് ഇരുട്ടിലായത്.
നേരത്തെ, ഓഫീസ് മെയിന്റനൻസ് ചുമതലയുള്ള കെൽട്രോൺ അടച്ചിരുന്ന വൈദ്യുതി ബിൽ കഴിഞ്ഞവർഷം ജനുവരി മുതൽ മോട്ടോർവാഹന വകുപ്പിന് കൈമാറി. ആദ്യമാസത്തിൽ സംസ്ഥാന ഫിനാൻസ് വകുപ്പിന് കൈമാറിയിരുന്ന ബിൽ കൃത്യമായി അടച്ചിരുന്നെങ്കിലും നവംബർ മുതൽ കുടിശികയായി.
ബിൽ അടയ്ക്കാത്തതിനെ തുടർന്ന് രണ്ടിന് ഫ്യൂസ് ഊരി. ഇതിനൊപ്പം ജനുവരി മാസത്തെ ഉപയോഗത്തിന് 23,332 രൂപയുടെ ബില്ലും കൈമാറിയിട്ടുണ്ട്. ഇതോടെ ആകെ പിഴ തുക ഉൾപ്പടെ 78,903 രൂപ അടയ്ക്കേണ്ടി വരുമെന്നാണ് കെഎസ്ഇബി മരുതറോഡ് സെക്ഷൻ ഓഫീസ് അറിയിക്കുന്നത്.
Most Read| 4.25 കിലോഗ്രാം ഭാരം, ലോകത്തെ ഏറ്റവും വലിയ മാങ്ങ ലാറ്റിനമേരിക്കയിൽ!





































