കൊച്ചി: ബലാൽസംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്‌റ്റ് വിലക്ക് നീട്ടി ഹൈക്കോടതി. ഈമാസം 21 വരെയാണ് നീട്ടിയത്. മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയതിനെ തുടർന്ന് നൽകിയ ഹരജിയിലാണ് ജസ്‌റ്റിസ് എ. ബദറുദീന്റെ ഉത്തരവ്.
ഹരജിയിൽ കക്ഷി ചേരാനുള്ള പരാതിക്കാരിയുടെ അപേക്ഷയും കോടതി അംഗീകരിച്ചു. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ മറുപടി സത്യവാങ്മൂലം നൽകാനും കോടതി അതിജീവിതയോട് നിർദ്ദേശിച്ചു. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ അറസ്‌റ്റ് പാടില്ലെന്ന് കോടതി ക്രിസ്‌മസ് അവധിക്ക് പിരിയുന്നതിനു മുൻപ് തന്നെ നിർദ്ദേശിച്ചിരുന്നു.
ഇത് നീട്ടുകയാണ് ഇന്ന് ചെയ്‌തിരിക്കുന്നത്. പരസ്‌പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം മാത്രമാണ് നടന്നിരിക്കുന്നതെന്നും ഗർഭഛിദ്രത്തിൽ തനിക്ക് പങ്കില്ലെന്നുമാണ് രാഹുലിന്റെ വാദം. എന്നാൽ, തന്നെ ബലാൽസംഗം ചെയ്യുകയും ഗർഭഛിദ്രം നടത്താൻ നിർബന്ധിക്കുകയും ചെയ്‌തു എന്നാണ് അതിജീവിതയുടെ പരാതി.
തുടർന്നാണ് രാഹുലിന്റെ മുൻകൂർ ജാമ്യഹരജിയിൽ തീരുമാനമെടുക്കുന്നതിന് മുൻപ് തന്നെ കേൾക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയും ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസിൽ രാഹുലിനെ അനുകൂലിച്ചുകൊണ്ട് രംഗത്തുവരികയും അതിജീവിതയെ അപമാനിച്ചെന്ന പേരിൽ ജയിലിലാവുകയും ചെയ്‌ത രാഹുൽ ഈശ്വറിനെതിരെയും അതിജീവിത പരാതി നൽകിയിട്ടുണ്ട്. ഈ കേസിൽ രാഹുൽ ഈശ്വറും മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്






































