കാരക്കസ്: ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിൽ യുഎസ് പിടിച്ചെടുത്ത റഷ്യൻ പതാകയുള്ള ‘മറിനേര’ എന്ന വെനസ്വേലൻ എണ്ണക്കപ്പലിൽ മൂന്ന് ഇന്ത്യക്കാർ ഉണ്ടെന്ന് റിപ്പോർട്. ആറ് ജോർജിയൻ സ്വദേശികൾ, 17 യുക്രൈൻ സ്വദേശികൾ, മൂന്ന് ഇന്ത്യക്കാർ, രണ്ട് റഷ്യക്കാർ എന്നിവരടക്കം 28 ജീവനക്കാരാണ് കപ്പലിലുള്ളത്.
കപ്പലിന് സംരക്ഷണം നൽകാൻ റഷ്യ യുദ്ധക്കപ്പലുകളും അന്തർവാഹിനിയും അയച്ച സാഹചര്യത്തിലാണ് കപ്പൽ പിടിച്ചെടുക്കാനുള്ള നടപടി യുഎസ് ആരംഭിച്ചത്. വെനസ്വേലയിൽ നിന്ന് ഇറാനിലേക്ക് എണ്ണ കടത്തി എന്നാരോപിച്ച് ടാങ്കറിനെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു.
എന്നാൽ, ഉപരോധം ലംഘിച്ച് എണ്ണവ്യാപാരം നടത്തിയതിനെ തുടർന്നാണ് കപ്പൽ പിടിച്ചെടുക്കാൻ ഡിസംബറിൽ യുഎസ് ശ്രമം നടത്തിയത്. എന്നാൽ, യുഎസിന്റെ നീക്കം പരാജയപ്പെടുത്തിയ കപ്പലിലെ ഉദ്യോഗസ്ഥർ, ‘ബെല്ല 1’ എന്ന് അറിയപ്പെട്ടിരുന്ന കപ്പലിന്റെ പേര് മറിനേര എന്ന് മാറ്റുകയും ഗയാനയുടെ പതാക മാറ്റി റഷ്യൻ പതാക സ്ഥാപിക്കുകയും ചെയ്തു. കപ്പലിന്റെ രജിസ്ട്രേഷൻ റഷ്യയിലേക്ക് മാറ്റി.
തുടർന്ന്, തങ്ങളുടെ കപ്പലിനെ നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് റഷ്യ യുഎസിനോട് ആവശ്യപ്പെട്ടു. കപ്പലിനെ സംരക്ഷിക്കാൻ യുദ്ധക്കപ്പലുകളും അന്തർവാഹിനിയും അയച്ചു. രണ്ടാഴ്ച പിന്തുടർന്ന ശേഷമാണ് യുഎസ് കപ്പൽ പിടിച്ചെടുത്തത്. യുഎസ് സൈനിക ഹെലികോപ്ടറുകൾ കപ്പലിന് മുകളിൽ വട്ടമിടുന്നതിന്റെ ദൃശ്യങ്ങൾ റഷ്യൻ ടിവി പുറത്തുവിട്ടിരുന്നു. നേരത്തെ, കരീബിയൻ കടലിൽ വെനസ്വേലയുടെ മറ്റൊരു എണ്ണക്കപ്പലും യുഎസ് സേന പിടിച്ചെടുത്തിരുന്നു.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്







































