പത്തനംതിട്ട: ബലാൽസംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അറസ്‌റ്റ് ചെയ്‌ത വിവരം സ്‌പീക്കർ എഎൻ ഷംസീറിനെ അറിയിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). റിപ്പോർട് ലഭിച്ചാലുടൻ പ്രിവ്‌ലിജ് ആൻഡ് എത്തിക്‌സ് കമ്മിറ്റിക്ക് വിടുമെന്ന് കഴിഞ്ഞദിവസം സ്‌പീക്കർ അറിയിച്ചിരുന്നു.
തുടർച്ചയായി കേസുകളിൽ പ്രതിയാക്കപ്പെട്ടതിന്റെ പേരിൽ രാഹുലിനെതിരെ നടപടിയെടുക്കുന്നത് സംബന്ധിച്ച് നിയമസഭാ പ്രിവ്ലിജ് ആൻഡ് എത്തിക്‌സ് കമ്മിറ്റിയാണ് ശുപാർശ ചെയ്യേണ്ടത്. സിപിഎം പ്രതിനിധി മുരളി പെരുനെല്ലി അധ്യക്ഷനായ കമ്മിറ്റിയിൽ സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി. ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്‌ണൻ, കെകെ.ശൈലജ, എച്ച്. സലാം എന്നിവരാണ് സിപിഎം അംഗങ്ങൾ.
ഐപിഐയിൽ നിന്ന് പി. ബാലചന്ദ്രനും ജെഡിഎസിൽ നിന്ന് മാത്യു ടി തോമസും കമ്മിറ്റിയിൽ അംഗമാണ്. യുഡിഎഫിന് രണ്ട് അംഗങ്ങളാണുള്ളത്. റോജി എം ജോണും, യുഎ ലത്തീഫും. കമ്മിറ്റി രാഹുലിനെ നീക്കണമെന്ന നിലപാട് സ്വീകരിക്കുകയും തീരുമാനം നിയമസഭ അംഗീകരിക്കുകയും ചെയ്‌താൽ സംസ്‌ഥാന നിയമസഭയിൽ നിന്ന് പുറത്താക്കപ്പെടുന്ന ആദ്യ എംഎൽഎയാകും രാഹുൽ മാങ്കൂട്ടത്തിൽ.
നിയമസഭാംഗത്തെ അറസ്‌റ്റ് ചെയ്‌താൽ അക്കാര്യം സ്‌പീക്കറെ പോലീസ് അറിയിക്കണമെന്നാണ് ചട്ടം. ഈ റിപ്പോർട്ടിൻമേൽ അച്ചടക്കനടപടി ആവശ്യമാണോ എന്ന് പരിശോധിക്കാൻ എത്തിക്‌സ് കമ്മിറ്റിയെ ചുമതലപ്പെടുത്താം. ഏതെങ്കിലും എംഎൽഎ സമർപ്പിക്കുന്ന പരാതിയിലും തുടർനടപടിയാകാം. കമ്മിറ്റി പരാതിക്കാരിൽ നിന്ന് തെളിവെടുപ്പ് നടത്തി ശുപാർശയടക്കം നൽകുന്ന റിപ്പോർട് വയ്‌ക്കും.
തുടർന്ന് റിപ്പോർട്ടിലെ നിർദ്ദേശം പ്രമേയമായി മുഖ്യമന്ത്രി സഭയിൽ കൊണ്ടുവരണം. പ്രമേയത്തിൽ താക്കീതോ സസ്‌പെൻഷനോ പുറത്താക്കലോ ശുപാർശയായി വരാം. ഇത് നിയമസഭാ അംഗീകരിക്കുന്നതോടെ നടപടി പ്രാബല്യത്തിലാകും. ഈമാസം 20നാണ് നിയമസഭാ സമ്മേളനം തുടങ്ങുക.
അതേസമയം, റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ ജയിൽവാസം ഇനിയും നീളും. ഇന്ന് ജാമ്യാപേക്ഷ നൽകുമെങ്കിലും വാദത്തിലേക്ക് കടക്കില്ല. പോലീസ് കസ്‌റ്റഡി അപേക്ഷ ഇന്ന് നൽകുന്നതുകൊണ്ടാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് വൈകുന്നത്. അഞ്ചുദിവസത്തേക്ക് കസ്‌റ്റഡിയിൽ വേണമെന്നാണ് പോലീസിന്റെ ആവശ്യം.
കസ്‌റ്റഡി അപേക്ഷ സാധാരണഗതിയിൽ കോടതി അനുവദിക്കും. അങ്ങനെയെങ്കിൽ ജാമ്യാപേക്ഷ പരിഗണിക്കാൻ ഒരാഴ്‌ച എടുത്തേക്കും. അതുവരെ മാവേലിക്കര ജയിലിലും പോലീസ് കസ്‌റ്റഡിയിലുമായി രാഹുൽ കഴിയേണ്ടിവരും. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരും മുൻപ് കുറ്റപത്രം നൽകാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. മൂന്ന് കേസിലും ഒരുമാസത്തിനകം അന്വേഷണവും പൂർത്തിയാക്കും.
Most Read| വെറും11.43 സെക്കൻഡ്, പൈനാപ്പിൾ തൊലികളഞ്ഞ് കഷ്‌ണങ്ങളാക്കി; റെക്കോർഡ് നേടി യുവതി





































