കൊച്ചി: കേരളാ യൂണിവേഴ്‌സിറ്റിയിലെ രജിസ്‌ട്രാർ-വിസി തർക്കത്തിൽ വിസിക്ക് തിരിച്ചടി. മുൻ രജിസ്‌ട്രാർ ഡോ. കെഎസ് അനിൽകുമാറിന് നൽകിയ കുറ്റാരോപണ നോട്ടീസ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. നോട്ടീസിൻമേൽ തുടർനടപടികൾ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
മുൻ രജിസ്‌ട്രാർ അനിൽകുമാർ നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. സസ്‌പെൻഷൻ കാലയളവിൽ ഫയലുകൾ കൈകാര്യം ചെയ്‌തതിലാണ് വിസി കുറ്റാരോപണ നോട്ടീസ് നൽകിയത്. സർവകലാശാല ചട്ടം 10/13 പ്രകാരമായിരുന്നു അനിൽകുമാറിന് വിസി നോട്ടീസ് അയച്ചത്. അത്തരമൊരു നോട്ടീസ് നൽകാൻ വിസിക്ക് അധികാരം ഉണ്ടോയെന്ന് വിശദീകരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
രജിസ്‌ട്രാർ ആയി അനിൽകുമാർ വരികയും പുനർനിയമനം നടത്തുകയും ചെയ്‌തതിന് പിന്നാലെയാണ് ഭാരതാംബ വിവാദത്തിൽ രജിസ്‌ട്രാർ-വിസി തർക്കം ആരംഭിക്കുന്നത്. പിന്നീട് ഇത് സംസ്‌ഥാന സർക്കാർ ഏറ്റെടുത്തു. ഭാരതാംബ വിവാദത്തെ തുടർന്ന് അനിൽകുമാറിനെ വിസി സസ്‌പെൻഡ് ചെയ്‌തു. അത് ഗവർണർ ഉൾപ്പടെ ശരിവെക്കുകയും ചെയ്‌തിരുന്നു.
എന്നാൽ, സസ്‌പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അനിൽകുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് അനിൽകുമാറിന്റെ ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ചുകൊണ്ട് ശാസ്‌താംകോട്ട ഡിബി കോളേജിലേക്ക് പ്രിൻസിപ്പലായി മാറ്റി സർക്കാർ ഉത്തരവിറക്കിയത്.
Most Read| എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്‌ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം







































