തിരുവനന്തപുരം: കോർപറേഷനിലെ എൽഡിഎഫിന്റെ സിറ്റിങ് സീറ്റായ വിഴിഞ്ഞം തിരിച്ചുപിടിച്ച് യുഡിഎഫ്. 83 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്‌ഥാനാർഥി കെഎച്ച് സുധീർ ഖാൻ വിജയിച്ചു. 2902 വോട്ടാണ് സുധീർ ഖാന് ലഭിച്ചത്. ഇതോടെ തിരുവനന്തപുരം കോർപറേഷനിൽ യുഡിഎഫ് സീറ്റ് നില 20 ആയി.
എൽഡിഎഫ് സ്‌ഥാനാർഥി എൻ. നൗഷാദിന് 2819 വോട്ടും എൻഡിഎ സ്‌ഥാനാർഥി സർവശക്‌തിപുരം ബിനുവിന് 2437 വോട്ടും ലഭിച്ചു. സിപിഎം മുൻ കൗൺസിലറും എൽഡിഎഫ് വിമതനുമായ എൻഎ റഷീദ് 118 വോട്ട് നേടിയത് എൽഡിഎഫിന് വൻ തിരിച്ചടിയായി. യുഡിഎഫ് വിമതനായി കളത്തിലിറങ്ങിയ യൂത്ത് കോൺഗ്രസ് മുൻ ഭാരവാഹി നിസാൻ ഹുസൈൻ 494 വോട്ട് സ്വന്തമാക്കി.
കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്‌ഥാനാർഥിക്ക് ഇവിടെ 65 വോട്ടുകൾ ലഭിച്ചു. മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം വാർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ലീഗ് സ്‌ഥാനാർഥി വിജയിച്ചു. സുബൈദയാണ് 222 വോട്ടുകൾക്ക് വിജയിച്ചത്. സുബൈദക്ക് 501 വോട്ടും സ്വതന്ത്ര സ്‌ഥാനാർഥിക്ക് 279 വോട്ടുകളും ലഭിച്ചു. ബിജെപിക്ക് സ്‌ഥാനാർഥിക്ക് ആകെ 14 വോട്ടുകളാണ് ഇവിടെ ലഭിച്ചത്.
എറണാകുളം പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡിൽ നടന്ന തിരഞ്ഞെടുപ്പിൽ സിപിഎം വിജയിച്ചു. 221 വോട്ടുകൾക്കാണ് സിപിഎം സ്‌ഥാനാർഥി സിബി രാജീവ് വിജയിച്ചത്. കോൺഗ്രസ് സ്‌ഥാനാർഥി ജോസ് ടി.പിക്ക് 337 വോട്ടുകളാണ് ലഭിച്ചത്.
Most Read| ചുഴലിക്കാറ്റിൽ കാണാതായി; 443 ദിവസങ്ങൾക്ക് ശേഷം ഉടമയ്‌ക്കരികിൽ ഗാബി





































