തിരുവനന്തപുരം: കോർപറേഷൻ ഭരണം ബിജെപി പിടിച്ചെടുത്തതിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നു. ഈമാസം 23നാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുന്നത്. നഗരസഭാ ഭരണം കിട്ടിയതിന് ശേഷമുള്ള നഗരത്തിന്റെ സമഗ്രമായ വികസനരേഖാ പ്രഖ്യാപനം പ്രധാനമന്ത്രി നടത്തും.
നഗരത്തിന്റെ മുഖച്ഛായ മാറ്റാനുതകുന്ന വികസന രേഖയായിരിക്കും പ്രധാനമന്ത്രി പ്രഖ്യാപിക്കുകയെന്നാണ് ബിജെപി കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. നഗരസഭാ ഭരണം ബിജെപിക്ക് ലഭിച്ചാൽ 45 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഈ വാഗ്ദാനം പാലിച്ചുകൊണ്ടാണ് വികസനരേഖാ പ്രഖ്യാപനത്തിനായി മോദി എത്തുന്നത്. സെൻട്രൽ സ്റ്റേഡിയത്തിലോ പുത്തരിക്കണ്ടം മൈതാനത്തോ ആയിരിക്കും ചടങ്ങ് സംഘടിപ്പിക്കുകയെന്നാണ് നിലവിലുള്ള വിവരം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൂടി ഭാഗമായാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനം എന്നത് രാഷ്ട്രീയമായി ഏറെ പ്രാധാന്യമർഹിക്കുന്നു.
നഗരസഭാ ഭരണത്തിലൂടെ തലസ്ഥാനത്ത് നേടിയ ആധിപത്യം നിയമസഭാ തിരഞ്ഞെടുപ്പിലും നിലനിർത്താനുള്ള ബിജെപിയുടെ തന്ത്രപ്രധാനമായ നീക്കം കൂടിയാണ് ഈ സന്ദർശനം. ബിജെപിയുടെ ‘മിഷൻ 2026′ പദ്ധതിയും മോദി പ്രഖ്യാപിച്ചേക്കും. തിങ്കളാഴ്ച തദ്ദേശ തിരഞ്ഞെടുപ്പിൽ ജയിച്ച അംഗങ്ങളെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ കേന്ദ്രമന്ത്രി അമിത് ഷാ എത്തിയിരുന്നു.
Most Read| എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം







































