കണ്ണൂർ: പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി ഗുരുതരാവസ്ഥയിൽ ചികിൽസയിൽ ആയിരുന്ന വിദ്യാർഥിനി മരിച്ചു. പയ്യാവൂർ ഇരൂഡ് സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ് ടു വിദ്യാർഥിനി അയോണ മോൻസൺ (17) ആണ് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് അയോണ സ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ചാടിയത്. തുടർന്ന് ഗുരുതരമായി പരിക്കേറ്റ അയോണ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. ലാബ് പരീക്ഷയടക്കം നടക്കാനിരിക്കെയാണ് വിദ്യാർഥിനി ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല.
പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അയോണയുടെ അമ്മ വിദേശത്തേക്ക് പോകാനിരിക്കുക ആയിരുന്നെന്നും ഇക്കാരണത്താൽ കുട്ടി സങ്കടത്തിലായിരുന്നു എന്നും വിവരമുണ്ട്. തിങ്കളാഴ്ച രാവിലെ ക്ളാസിലെത്തിയ കുട്ടി മുറിയിൽ നിന്നിറങ്ങിയതിന് ശേഷമാണ് കെട്ടിടത്തിന് മുകളിലേക്ക് പോയി താഴേക്ക് ചാടിയത്.
ബാസ്കറ്റ് ബോൾ കോർട്ടിലേക്കാണ് അയോണ വീണത്. സംഭവത്തിൽ പയ്യാവൂർ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ഇന്ന് ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം പയ്യാവൂർ മേഴ്സി ആശുപത്രി മോർച്ചറിയിലേക്ക് മറ്റും. സംസ്കാരം വെള്ളിയാഴ്ച നടത്തുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
അതേസമയം, അയോണയുടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം സന്നദ്ധത അറിയിച്ചു. രണ്ട് വൃക്കകളും കരളും കോർണിയയും ദാനം ചെയ്തു. ഇന്നലെ രാത്രിയോടെ മസ്തിഷ്ക മരണം സംഭവിച്ചിരുന്നു. തുടർന്നാണ് അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചത്. തലശ്ശേരിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തും ചികിൽസയിലുള്ള നാലുപേർക്കാണ് അയോണയുടെ അവയവങ്ങൾ ദാനം ചെയ്തതെന്നാണ് വിവരം.
Most Read| വെറും11.43 സെക്കൻഡ്, പൈനാപ്പിൾ തൊലികളഞ്ഞ് കഷ്ണങ്ങളാക്കി; റെക്കോർഡ് നേടി യുവതി



































