തിരുവനന്തപുരം: ആറ്റിങ്ങൽ നവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 വിദ്യാർഥികൾക്ക് പരിക്ക്. തൃശൂർ കൊടകര സഹൃദയ കോളേജിലെ എംബിഎ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. വിഴിഞ്ഞം പോർട്ടിലേക്ക് പഠനാവശ്യത്തിന് പോവുകയായിരുന്നു ഇവർ. ഇന്ന് പുലർച്ചെ 3.30ഓടെയാണ് അപകടമുണ്ടായത്.
42 വിദ്യാർഥികളും അധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്. 17 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ദേശീയപാതയിൽ ബൈപാപ്പസിന്റെ പണി നടക്കുന്നതിനാൽ സർവീസ് റോഡ് വഴി വന്ന ബസിന്റെ ചക്രങ്ങൾ മണ്ണിൽ പുതഞ്ഞു സമീപത്തുള്ള വീടിന്റെ വശത്തേക്ക് മറിയുകയായിരുന്നു.
ഡ്രൈവർ ഉറങ്ങിപോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരു വിദ്യാർഥിയുടെ ശരീരത്തിൽ കമ്പി തുളച്ചുകയയറിയിട്ടുണ്ട്. പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
Most Read| തൊണ്ടിമുതൽ തിരിമറി കേസ്; ശിക്ഷാവിധി റദ്ദാക്കണമെന്ന് ആന്റണി രാജു, അപ്പീൽ നൽകി



































