ന്യൂഡെൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ ഉൾപ്പെട്ട ഡോക്ടർമാരുമായി ബന്ധമുള്ള അൽ ഫലാഹ് മെഡിക്കൽ കോളേജിൽ ഒട്ടേറെ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട് ഇഡി തയ്യാറാക്കിയ 200 പേജുള്ള റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്.
ആശുപത്രിയിൽ ഡോക്ടർമാരുടെ പേരിൽ വ്യാജ നിയമനങ്ങൾ മുതൽ ചികിൽസയ്ക്കായി എത്തുന്നു എന്ന തരത്തിൽ വ്യാജ രോഗികളും രേഖകളിലുണ്ടെന്ന് കണ്ടെത്തി. നാഷണൽ മെഡിക്കൽ കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാൻ ഒട്ടേറെ ക്രമക്കേടുകൾ കോളേജിന്റെ നടത്തിപ്പുകാർ ചെയ്തിരുന്നതായും ഇഡി കണ്ടെത്തിയിട്ടുണ്ട്.
ഏകദേശം 500 കോടി രൂപയുടെ കള്ളപ്പണം ആശുപത്രിയുടെ മറവിൽ വെളുപ്പിച്ചതായും ഇഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കേസ് ഈമാസം 31ന് കോടതി പരിഗണിച്ചേക്കും. മെഡിക്കൽ കോളേജിന്റെ രേഖകളിലുള്ള ഡോക്ടർമാരിൽ മിക്കവരും ഇവിടെ എത്തിയിരുന്നില്ലെന്നും ഡോക്ടർമാരെ നിയമിച്ചതായി വ്യാജരേഖകൾ തയ്യാറാക്കിയതായും ഇഡി കണ്ടെത്തിയിട്ടുണ്ട്.
അതുപോലെ ആശുപത്രി ജീവനക്കാരിൽ നല്ലൊരു പങ്കും ഫയലുകളിൽ മാത്രമാണുള്ളത്. അവർ ജോലി ചെയ്യാനായി ആശുപത്രിയിൽ എത്തിയിരുന്നില്ല. ഇതിന് സമാനമായി വ്യാജ രോഗികളെയും ആശുപത്രിയിൽ എത്തിച്ചിരുന്നു. നാഷണൽ മെഡിക്കൽ കമ്മീഷന്റെ പരിശോധനയിൽ രോഗികളുടെ എണ്ണം തികയ്ക്കാനായിട്ടായിരുന്നു ഈ തട്ടിപ്പ്.
ചെങ്കോട്ട സ്ഫോടനത്തിലെ മുഖ്യപ്രതികളായ ഡോക്ടർമാരുമായി ബന്ധമുണ്ടെന്ന കണ്ടെത്തലാണ് അൽ ഫലാഹ് മെഡിക്കൽ കോളേജിനെ അന്വേഷണത്തിന്റെ കേന്ദ്രബിന്ദുവാക്കിയത്. സ്ഫോടനമുണ്ടാക്കിയ കാർ 20 ദിവസത്തിലേറെ ക്യാമ്പസിനുള്ളിൽ പാർക്ക് ചെയ്തിരുന്നുവെന്നും കണ്ടെത്തിയിരുന്നു.
Most Read| 4.25 കിലോഗ്രാം ഭാരം, ലോകത്തെ ഏറ്റവും വലിയ മാങ്ങ ലാറ്റിനമേരിക്കയിൽ!





































