കിഷ്‌ത്വാ: ജമ്മു കശ്‌മീരിലെ കിഷ്‌ത്വാറിൽ ഭീകരവാദികളുമായി നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേനയിലെ ഹവിൽദാറിന് വീരമൃത്യു. ഇന്ത്യൻ സൈന്യത്തിലെ പാരാട്രൂപ്പ് വിഭാഗത്തിൽപ്പെട്ട ഹവിൽദാർ ഗജേന്ദ്ര സിങ്ങാണ് വീരമൃത്യു വരിച്ചത്. ഭീകരർ സൈനികർക്ക് നേരെ ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു.
അതേസമയം, ഭീകരർക്കായുള്ള തിരച്ചിൽ രണ്ടാം ദിവസത്തിലേക്ക് കടന്നതായും സുരക്ഷാ സേന അറിയിച്ചു. ചത്രുവിലെ മന്ദ്രാൽ- സിങ്‌പോറയ്‌ക്കടുത്തുള്ള സോന്നാർ ഗ്രാമത്തിൽ ഞായറാഴ്‌ചയാണ് സുരക്ഷാ സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടൽ ആരംഭിച്ചത്.
ഭീകരസംഘടനായ ജെയ്‌ഷെ മുഹമ്മദിലെ ചില ഭീകരർ പ്രദേശത്ത് ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് സുരക്ഷാ സേന തിരച്ചിലിനായി ഇവിടെ എത്തിയത്. പിന്നാലെ ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ എട്ട് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ദുഷ്‌കരമായ ഭൂപ്രകൃതിയും കാലാവസ്‌ഥയും ആയതിനാൽ തിരച്ചിൽ ബുദ്ധിമുട്ടായിരിക്കുകയാണ്.
ഈവർഷം ജമ്മു മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. കഴിഞ്ഞവർഷം ഡിസംബറിൽ ജമ്മുവിലെ വനമേഖലകളിൽ ആരംഭിച്ച ഭീകരവിരുദ്ധ ഓപ്പറേഷന് പിന്നാലെയാണ് തുടർച്ചയായ ഏറ്റുമുട്ടലുകൾ നടക്കുന്നത്.
റിപ്പബ്ളിക് ദിനത്തിന് മുന്നോടിയായിട്ടാണ് ‘ഓപ്പറേഷൻ ട്രാഷി-1’ എന്ന പേരിലുള്ള ദൗത്യം വിപുലപ്പെടുത്തിയിരിക്കുന്നത്. പാക്കിസ്‌ഥാൻ ആസ്‌ഥാനമായുള്ള ഭീകരസംഘടനയിൽ നിന്ന് കൂടുതൽ ഭീകരർ മേഖലയിൽ എത്തിയിട്ടുണ്ടെന്നാണ് സുരക്ഷാ സേനയുടെ വിലയിരുത്തൽ.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ



































