കാസർഗോഡ്: കുമ്പള ആരിക്കാടി ടോൾ പിരിവിൽ ബസ് യാത്രക്കാർക്ക് വീണ്ടും ഇരുട്ടടി. കർണാടക ട്രാൻസ്‌പോർട്ട് കോർപറേഷൻ യാത്രക്കാർക്കുള്ള ബസ് ചാർജ് ഒറ്റയടിക്ക് 7 രൂപ മുതൽ 10 രൂപ വരെ വർധിപ്പിച്ചു. രാജഹംസ ബസിൽ 10 രൂപയാണ് വർധന നിലവിൽ വന്നത്. ഓർഡിനറി ബസിൽ 7 രൂപയാണ് വർധന.
കർണാടകയുടെ 42 ബസാണ് ആരിക്കാടി ടോൾ പ്ളാസ വഴി കടന്നുപോകുന്നത്. കാസർഗോഡ് നിന്നും മംഗളൂരുവിലേക്ക് 81 രൂപയാണ് ബസ് ചാർജ്. അത് 88 രൂപയായി ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. കാസർഗോഡ് ഡിപ്പോയിൽ നിന്നുള്ള 32 ബസ് ഉൾപ്പടെ കേരള ട്രാൻസ്‌പോർട്ട് കോർപറേഷന്റെ 50ഓളം ബസ് സർവീസുകൾ നടത്തുന്നുണ്ട്.
അങ്ങോട്ടും ഇങ്ങോട്ടും യാത്രയ്‌ക്ക് ടോൾ പ്ളാസയിൽ നിന്ന് ഫാസ്‌റ്റ് ടാഗ് വഴി 450 രൂപയാണ് ഒരു ബസിന് പിടിക്കുന്നത്. കേരള ട്രാൻസ്‌പോർട്ട് കോർപറേഷൻ യാത്രക്കാർക്ക് ചാർജ് വർധിപ്പിച്ചിട്ടില്ല. എന്നാൽ, ടോൾ പിരിവ് വലിയ ബാധ്യതയാകുമെന്ന കാരണത്താൽ കേരള ട്രാൻസ്‌പോർട്ട് കോർപറേഷൻ കൂടി ബസ് ചാർജ് വർധിപ്പിക്കാനുള്ള സാധ്യതയുണ്ട്.
കുമ്പളയിൽ നിന്ന് ഉപ്പളയിലേക്ക് 15 രൂപ ഉണ്ടായിരുന്നത് 25 രൂപ, കുമ്പള- മംഗളൂരു 67 രൂപ ഉണ്ടായിരുന്നത് 75 രൂപ എന്നിങ്ങനെയാണ് കർണാടക ട്രാൻസ്‌പോർട്ട് കോർപറേഷൻ യാത്രക്കാരുടെ ചാർജ് വർധിപ്പിച്ചത്. കുമ്പള-മംഗളൂരു യാത്രയ്‌ക്ക് രാജഹംസ ബസിൽ നിരക്ക് 90 രൂപയായി വർധിപ്പിച്ചു. നേരത്തെ 80 രൂപയായിരുന്നു.
Most Read| സ്വർണമടങ്ങിയ ബാഗ് ഉടമക്ക് തിരിച്ചു നൽകി; പത്‌മയുടെ സത്യസന്ധതയ്‌ക്ക് മുഖ്യമന്ത്രിയുടെ സമ്മാനം





































