ചൊറി വന്നാൽ നമുക്ക് സഹിക്കാൻ പറ്റുമോ? കയ്യെത്തുന്നിടത്താണെങ്കിൽ കൈ കൊണ്ട് ചൊറിയും, അല്ലെങ്കിൽ വല്ല കമ്പോ വടിയോ ഉപയോഗിച്ച് ചൊറിയും. ഇതൊക്കെ മനുഷ്യരുടെ ശീലങ്ങളാണ്. എന്നാൽ, മനുഷ്യർക്ക് മാത്രമല്ല ആ ശീലം, മൃഗങ്ങൾക്കുമുണ്ട്.
ഒരു കമ്പ് ഉപയോഗിച്ച് മുതുക് ചൊറിയുന്ന പശുവാണ് ഇപ്പോൾ സോഷ്യൽ മീഡയകളിലെ സ്‌റ്റാർ. പേര് വെറോണിക്ക. ഓസ്‌ട്രിയയാണ് സ്‌ഥലം. വിയന്നയിലെ ഗവേഷകരാണ് വെറോണിക്കയുടെ ഈ വിചിത്രശീലം പഠിച്ചു റിപ്പോർട്ടാക്കിയത്. കമ്പ് വായിൽ കടിച്ചുപിടിച്ച് മുതുക് ചൊറിയുന്നതാണ് വെറോണിക്കയുടെ രീതി.
ചിമ്പാൻസികളും മറ്റും കല്ലും വടികളുമൊക്കെ തങ്ങളുടെ ഉപകരണങ്ങളാക്കിമാറ്റുന്ന ധാരാളം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, ഒരു പശു ഇത്തരമൊരു ബുദ്ധിപരമായ നീക്കം നടത്തുന്നത് റിപ്പോർട് ചെയ്യപ്പെടുന്നത് ഒരുപക്ഷേ ഇതാദ്യമാകും. 13 വയസ് പ്രായമുള്ള സ്വിസ് ബ്രൗൺ വിഭാഗത്തിൽപ്പെട്ട പശുവാണ് വെറോണിക്ക.
തെക്കൻ ഓസ്‌ട്രിയയിലെ കറിൻത്യൻ പർവതനിരകളുടെ താഴ്‌വാരത്തെ നോഷ് ഗ്രാമത്തിൽ വസിക്കുന്ന ഒരു കൃഷിക്കാരന്റെ ഉടമസ്‌ഥതയിൽ ഉള്ളതാണ് പശു. വടി മാത്രമല്ല, ബ്രഷ് കൊടുത്താലും ഈ പശു ഉപയോഗിക്കും. മൃദുവായ ശരീര ഭാഗങ്ങളിൽ ബ്രഷിന്റെ മൃദുവായ ഭാഗവും കട്ടിയേറിയ ഭാഗങ്ങളിൽ കട്ടിയേറിയ ബ്രഷ് ഭാഗവും ഉപയോഗിക്കാനുള്ള വകതിരിവും വേറോനിക്കയ്‌ക്കുണ്ട്.
Most Read| ബഹിരാകാശ ചരിത്രത്തിലെ ഐതിഹാസിക വനിത; സുനിത വില്യംസ് വിരമിച്ചു





































