മലപ്പുറം: സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച തിരുവനന്തപുരം-കാസർഗോഡ് ആർആർടിഎസ് പദ്ധതി തള്ളി ഇ. ശ്രീധരൻ രംഗത്ത്. അതിവേഗ റെയിൽവേയുമായി താരതമ്യം ചെയ്യുമ്പോൾ ആർആർടിഎസ് ഒരു സിമ്പിൾ വേസ്റ്റ് ആണ്. കേരളത്തിൽ അത് പ്രായോഗികമല്ലെന്നും ശ്രീധരൻ പറഞ്ഞു.
സർക്കാരിന് വേറെ ഉദ്ദേശ്യം ഉണ്ടോ എന്നറിയില്ല. അതിവേഗ റെയിൽവേ എന്നത് ഇടതു സർക്കാർ ആശയം തന്നെ ആണ്. അതിനാണ് ആദ്യം ജപ്പാനിൽ നിന്ന് ആളെ കൊണ്ടുവന്നത്. ഇപ്പോൾ എന്താണ് ഇങ്ങനെ ഒരു മാറ്റാമെന്ന് അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രിയോട് അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ആദ്യം സംസാരിച്ചിരുന്നു. അദ്ദേഹം ചർച്ചയിൽ തൃപ്തി കാണിച്ചു. കേന്ദ്രത്തിന് കത്ത് എഴുതണം എന്ന് പറഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥർ വന്ന് കാണുകയും ചെയ്തു. പക്ഷെ കത്തെഴുതാൻ മാത്രം സിഎം തയ്യാറായില്ല. അങ്ങനെയാണ് താൻ നേരിട്ട് ഇറങ്ങിയതെന്നും ശ്രീധരൻ പറഞ്ഞു.
ആർആർടിഎസ് ഒരു തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ്. പ്രഖ്യാപനങ്ങൾ നടത്തിയാൽ പദ്ധതി വരില്ല. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമം മാത്രമാണിത്. മാക്സിമം ചെങ്ങന്നൂർ-തിരുവനന്തപുരം റൂട്ടിൽ ആർആർടിഎസ് നടപ്പിലാക്കാം. അതിന് അപ്പുറം വന്നാൽ വേഗം കുറയ്ക്കേണ്ടി വരും.
ആർആർടിഎസ് ജനശ്രദ്ധ തിരിക്കാൻ കൊണ്ടുവന്നതാകാം. നടക്കാൻ പോണില്ല എന്ന് എല്ലാവർക്കും അറിയാം. സ്ഥലം ഏറ്റെടുക്കാൻ സർക്കാരിന്റെ സഹായം വേണം. സർവേ നടത്താൻ സർക്കാർ സഹായം വേണ്ട. സ്ഥലം ഏറ്റെടുപ്പ് കുറച്ചു കഴിഞ്ഞായിരിക്കും. അപ്പോൾ ആരൊക്കെ ഉണ്ടാകും? ഈ സർക്കാർ ഉണ്ടാവുമോയെന്നും ഇ. ശ്രീധരൻ ചോദിച്ചു.
Most Read| നാലുമാസം കൊണ്ട് 2.5 ലക്ഷം രൂപ ലാഭം; ചക്ക വറുത്ത് ബജറ്റിൽ ഇടംനേടി വീട്ടമ്മമാർ





































