തൃശൂർ: വടക്കേക്കാട് പഞ്ചായത്തിലെ യുഡിഎഫ് ചാവക്കാട് ബ്ളോക്ക് പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷയും പഞ്ചായത്ത് ഒന്നാം വാർഡ് കോൺഗ്രസ് സ്‌ഥാനാർഥിയുമായ യുവതി ആത്‍മഹത്യക്ക് ശ്രമിച്ചു. തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്ന് പിൻമാറാൻ വടക്കേകാട് പഞ്ചായത്തിലെ ചില സിപിഎം പ്രാദേശിക നേതാക്കളുടെ സ്വാധീനത്തിന് വഴങ്ങി ഒരു പ്രവാസി വ്യവസായി നടത്തിയ ഇടപെടലാണ് ആത്‍മഹത്യാ ശ്രമത്തിന് കാരണമെന്ന് കോൺഗ്രസ് ബ്ളോക്ക് പ്രസിഡണ്ട് വികെ ഫസലുൽ അലി, മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് എ അജയകുമാർ, പഞ്ചായത്ത് പ്രസിഡണ്ട് മറിയു മുസ്തഫ എന്നിവർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
ബുധനാഴ്‌ച ഉച്ചക്കാണ് സംഭവം. മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ച് യുവതി അമിതമായി ഗുളിക കഴിച്ച് ആത്‍മഹത്യക്ക് ശ്രമിക്കുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർ അപകടനില തരണം ചെയ്തു. വ്യവസായി താൽക്കാലികമായി നൽകിയ 3 സെന്റ് ഭൂമിയിലാണ് യുവതിയുടെ വീട്. തിരഞ്ഞെടുപ്പിൽ മൽസരിച്ചാൽ ഇവിടെ നിന്ന് ഇറക്കിവിടുമെന്നു പ്രാദേശിക സിപിഎം നേതാക്കൾ ഫോണിൽ ഭീഷണിപ്പെടുത്തിയെന്നു യുവതി പോലീസിനെ അറിയിച്ചു. സംഭവത്തിൽ വടക്കേക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.
Malabar News: ‘തെഫ്റ്റ് അലാറം’; മോഷണം തടയാൻ സംവിധാനവുമായി പോലീസ്







































