ന്യൂഡെല്‍ഹി : രാജ്യത്ത് കഴിഞ്ഞ ദിവസം ദീപാവലി ആഘോഷങ്ങള്‍ അവസാനിച്ചതോടെ മിക്ക ഉത്തരേന്ത്യന്‍ നഗരങ്ങളിലും വായുമലിനീകരണം അതിന്റെ ഉച്ചസ്‌ഥായിയിലെത്തി. തലസ്‌ഥാന നഗരിയായ ഡെല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും ആളുകള്‍ ദീപാവലി ആഘോഷം പടക്കം പൊട്ടിച്ച് തന്നെ ഗംഭീരമാക്കി. അതിന്റെ ഫലമെന്നോണം ഡെല്‍ഹി ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ എല്ലാം തന്നെ അന്തരീക്ഷ മലിനീകരണ തോത് വര്‍ധിച്ചു.
ഡെല്‍ഹിയില്‍ ഹരിത ട്രിബ്യുണലിന്റെ അടക്കം പടക്കനിരോധനം നിലനില്‍ക്കെയാണ് ദീപാവലിക്ക് വിലക്ക് ലംഘിച്ച് പടക്കം പൊട്ടിച്ചു തന്നെ ആഘോഷങ്ങള്‍ നടത്തിയത്. കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഡെല്‍ഹിയില്‍ ഉയരുന്ന അന്തരീക്ഷ മലിനീകരണ തോത് കണക്കിലെടുത്താണ് ദീപാവലി ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. എന്നാല്‍ നിയന്ത്രണങ്ങള്‍ എല്ലാം കാറ്റില്‍ പറത്തി ആളുകള്‍ ആഘോഷങ്ങള്‍ ഗംഭീരമാക്കിയതോടെ ഡെല്‍ഹിയിലും സമീപ നഗരങ്ങളിലും അന്തരീക്ഷ മലിനീകരണ തോത് ഗുരുതരാവസ്‌ഥയില്‍ എത്തി.
കഴിഞ്ഞ ഒറ്റ രാത്രി കൊണ്ടാണ് ഡെല്‍ഹിയിലെ വായുഗുണനിലവാര സൂചിക 339 ല്‍ നിന്നും 400 ന് മുകളിലെത്തിയത്. ഏറ്റവും കൂടുതല്‍ വായുമലിനീകരണം രേഖപ്പെടുത്തിയത് ആനന്ദ് വിഹാര്‍ മേഖലയിലാണ്. ഇവിടുത്തെ വായുഗുണനിലവാര സൂചിക 481 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒപ്പം തന്നെ സമീപ നഗരങ്ങളായ ഐടിഒ, ലോധി റോഡ്, ഗാസിയാബാദ് എന്നിവിടങ്ങളിലും മലിനീകരണ തോത് ക്രമാതീതമായി വര്‍ധിച്ചു. കൂടാതെ ഡെല്‍ഹി എന്‍സിആറില്‍ വരുന്ന ഗ്രേറ്റര്‍ നോയിഡ, ഫരീദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലും അന്തരീക്ഷമലിനീകരണം കഴിഞ്ഞ ഒറ്റ ദിവസം കൊണ്ട് വളരെയധികം ഉയര്‍ന്നു.
Read also : ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാർ; ചൈനയുൾപ്പടെ 15 രാജ്യങ്ങൾ ഒപ്പുവെച്ചു; ഇന്ത്യ പിൻമാറി







































