ജയ്‌പൂർ: ഇത്തവണത്തെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ നയിക്കാൻ പേസർ ജയദേവ് ഉനദ്കട്ടിന് സാധ്യതകളേറുന്നു. നിലവിലെ ടീം ക്യാപ്റ്റനായ ഓസീസ് താരം സ്റ്റീവ് സ്മിത്ത് ടീമിനൊപ്പം ചേരാൻ വൈകുന്നതിന്റെ പശ്ചാത്തലത്തിൽ ഉനദ്കട്ടിനെ ക്യാപ്റ്റൻ സ്ഥാനം ഏല്പിക്കുമെന്നാണ് വിവരം. ചരിത്രത്തിൽ ആദ്യമായി രഞ്ജി കിരീടം നേടിയ സൗരാഷ്ട്ര ടീമിനെ നയിച്ചത് ജയദേവ് ഉനദ്കട്ട് ആയിരുന്നു. ആദ്യത്തെ ചില മത്സരങ്ങളിലാവും ഉനദ്കട്ട് ടീമിനെ നയിക്കുക. പിന്നീട് സ്മിത്ത് ടീമിൽ തിരിച്ചെത്തുന്നതോടെ ക്യാപ്റ്റൻ സ്ഥാനം കൈമാറും.
ഓസീസ്, ഇംഗ്ലണ്ട് താരങ്ങളൊന്നും ഐപിഎല്ലിന്റെ ആദ്യ ആഴ്‌ചയിൽ ടീമുകൾക്കൊപ്പം ഉണ്ടാവില്ല. രാജസ്ഥാൻ റോയൽസിനെയാവും ഇത് ഏറ്റവുമധികം പ്രതിസന്ധിയിലാക്കുക. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഓസീസ് ടീമിൽ സ്മിത്ത് ഉൾപ്പെട്ടിട്ടുണ്ട്. ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജോഫ്ര ആർച്ചർ, ജോസ് ബട്‌ലർ, ബെൻ സ്റ്റോക്സ് എന്നീ താരങ്ങളും പരമ്പരയിൽ ഉണ്ടാവും. 3 വീതം ടി-20യും ഏകദിനവുമാണ് പരമ്പരയിൽ ഉണ്ടാവുക. സെപ്തംബർ 16ന് പരമ്പര അവസാനിക്കുമെങ്കിലും ഇവർക്ക് ഐപിഎല്ലിലെ ആദ്യമത്സരങ്ങൾ നഷ്ടമാകും.19നാണ് ഐപിഎൽ ആരംഭിക്കുക.
പര്യടനത്തിനു ശേഷം യുഎഇയിൽ എത്തിയാൽ താരങ്ങൾക്ക് 6 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കേണ്ടതുണ്ട്. ഇതിനു ശേഷം മാത്രമേ ഇവർക്ക് അതാത് ടീമുകൾക്കൊപ്പം ചേരാനാവൂ. ഇതാണ് തുടക്ക മത്സരങ്ങളിൽ ഇവർ ഉണ്ടാവാതിരിക്കാൻ കാരണമാകുന്നത്.
സെപ്തംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിലാണ് ഐപിഎൽ നടക്കുക. അഞ്ച് നഗരങ്ങളിലായി 53 മത്സരങ്ങളും 10 ഡബിൾ ഹെഡറുകളും ഉണ്ടാവും. വൈകുന്നേരത്തെ മത്സരങ്ങൾ ഇന്ത്യൻ സമയം 7.30ന് ആരംഭിക്കും. മാർച്ച് 29 ന് നടത്താനിരുന്ന ഐപിഎൽ മത്സരങ്ങൾ കോവിഡിനെത്തുടർന്നാണ് നീണ്ടുപോയത്.




































