വാഷിങ്ടൺ: തിരഞ്ഞെടുപ്പിൽ വിപുലമായ ക്രമക്കേട് നടന്നുവെന്ന ആരോപണം നിഷേധിച്ച തിരഞ്ഞെടുപ്പ് സുരക്ഷാ ഏജൻസി മേധാവിയെ ഡൊണാൾഡ് ട്രംപ് പുറത്താക്കി. സുരക്ഷാ ഏജൻസിയുടെ ഉന്നത ഉദ്യോഗസ്‌ഥനായ ക്രിസ് ക്രെബ്‌സിനെയാണ് പുറത്താക്കിയത്. ഇക്കാര്യം ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
നവംബർ 3ന് നടന്ന അമേരിക്കൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമായ ഒന്നാണെന്ന് ക്രെബ്‌സ് പ്രഖ്യാപിച്ചിരുന്നു. തന്നെ ഉദ്യോഗത്തിൽ നിന്ന് പിരിച്ചുവിടാൻ സാധ്യതയുണ്ടെന്ന് സുഹൃത്തുക്കളോട് അദ്ദേഹം സൂചിപ്പിക്കുകയും ചെയ്‌തിരുന്നു.
Also Read: അമേരിക്കന്‍ ജനതയുടെ തീരുമാനം അംഗീകരിക്കണം; മിഷേല്‍ ഒബാമ
അതേ സമയം അമേരിക്കയിലെ നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡന്റെ വിജയവും തന്റെ പരാജയവും ട്രംപ് ഇതുവരെ അംഗീകരിച്ചിട്ടില്ല. വോട്ടിങ്ങിൽ നടന്ന ക്രമക്കേടാണ് തന്റെ പരാജയത്തിന് കാരണമെന്ന് ആവർത്തിക്കുകയാണ് ട്രംപ്. എന്നാൽ, ക്രമക്കേട് സംബന്ധിച്ച ട്രംപിന്റെ ആരോപണം സ്‌ഥിരീകരിക്കുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഉന്നത ഉദ്യോഗസ്‌ഥരടങ്ങുന്ന സംഘം കഴിഞ്ഞയാഴ്‌ച റിപ്പോർട്ട് നൽകിയിരുന്നു. ട്രംപിന്റെ വാദത്തിൽ കഴമ്പില്ലെന്ന് തന്നെയാണ് മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരും പറയുന്നത്.






































