തിരുവനന്തപുരം : വിദേശത്തു നിന്നും നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താന്‍ അവസരമൊരുങ്ങുന്നു. സപ്ലൈക്കോയുമായി ചേര്‍ന്ന് നടപ്പാക്കുന്ന നോര്‍ക്ക പ്രവാസി സ്റ്റോര്‍ പദ്ധതിയില്‍ അടുത്തിടെ നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക. പദ്ധതിയിലൂടെ സൂപ്പര്‍ മാര്‍ക്കറ്റ് മാതൃകയിലുള്ള കടകള്‍ ആരംഭിക്കുന്നതിന് 15 ശതമാനം സബ്‌സിഡിയോടെ വായ്പ അനുവദിക്കും. തൊഴില്‍ നഷ്ടമായി നാട്ടിലെത്തിയ പ്രവാസികളുടെ പുനഃരധിവാസത്തിനായി ആവിഷ്‌കരിച്ച എന്‍ ഡി പി ആര്‍ എം പദ്ധതിയുടെ ഭാഗമായാണ് പുതിയ പദ്ധതിയും ആരംഭിക്കുന്നത്.
15 ശതമാനം സബ്‌സിഡിയോടെ അനുവദിക്കുന്ന വായ്പയില്‍ 30 ലക്ഷം രൂപ വരെ 16 പ്രമുഖ ബാങ്കുകളുടെ 5832 ശാഖകളിലൂടെ ലഭിക്കും. സ്വന്തമായും വാടകയ്ക്കും കെട്ടിടമുള്ളവര്‍ക്ക് വായ്പയ്ക്കായി അപേക്ഷിക്കാം. 700 ചതുരശ്ര അടിയില്‍ താഴെ വിസ്തൃതിയുള്ള കെട്ടിടമുള്ളവര്‍ക്ക് മാവേലിസ്റ്റോര്‍ മാതൃകയിലും 1500 ചതുരശ്ര അടിക്ക് മുകളില്‍ വിസ്തൃതിയുള്ള കെട്ടിടമുള്ളവര്‍ക്ക് സൂപ്പര്‍ മാര്‍ക്കറ്റ് മാതൃകയിലുമാണ് സ്റ്റോര്‍ ആരംഭിക്കാന്‍ അനുമതി നല്‍കുന്നത്. പ്രവാസി സ്റ്റോറുകള്‍ തമ്മിലുള്ള 3 കിലോമീറ്റര്‍ അകലം ഉണ്ടായിരിക്കണം. ഒപ്പം തന്നെ ഗ്രാമപ്രദേശങ്ങളിലും മുനിസിപ്പാലിറ്റിയിലും കോര്‍പ്പറേഷനിലും ഉള്ള സപ്ലൈക്കൊ സ്റ്റോറുമായി പ്രവാസി സ്റ്റോറുകള്‍ക്ക് യഥാക്രമം 5, 4, 3 കിലോമീറ്റര്‍ അകലവും ഉണ്ടായിരിക്കണം. സ്റ്റോര്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷ നോര്‍ക്കയുടെ വെബ്സൈറ്റില്‍ നല്‍കാം. സപ്ലൈക്കോയുടെ വ്യവസ്ഥകള്‍ പ്രകാരമായിരിക്കും അന്തിമാനുമതി നല്‍കുന്നത്.





































