തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ നേരിട്ടു ബന്ധമില്ലെന്ന സർക്കാർ വാദം പൊളിയുന്നു. ഫ്ലാറ്റ് നിർമ്മാണത്തിനുള്ള കരാർ യൂണിടാക്കിനു നൽകിയത് സർക്കാരിന്റെ അറിവോടെയാണെന്നു വ്യക്തമാക്കുന്ന രേഖകൾ പുറത്ത്. യൂണിടാക് നൽകിയ പദ്ധതിയുടെ രൂപരേഖ ലൈഫ്മിഷൻ സി.ഇ.ഒ പരിശോധിച്ച് അംഗീകാരം നൽകിയിരുന്നു. ലൈഫ്മിഷൻ സിഇഒ റഡ്ക്രസന്റിനയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2019 ഓഗസ്റ്റ് 26നാണ് ലൈഫ് മിഷൻ സിഇഒ യു.വി ജോസ് റെഡ് ക്രെസന്റ് ജനറൽ സെക്രട്ടറിക്ക് കത്ത് അയച്ചത്. യൂണിടാക്ക് നൽകിയ പദ്ധതിയുടെ രൂപരേഖ പരിശോധിച്ച് അംഗീകാരം നൽകി എന്ന് വ്യക്തമാക്കുന്നതാണ് ലൈഫ്മിഷൻ സി.ഇ.ഒയുടെ കത്ത്. ഈ അനുമതി പത്രം യൂണിടാക് എനർജി സൊല്യൂഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനും അയച്ച് നൽകാം എന്നും കത്തിൽ പറയുന്നുണ്ട്. കത്തിന്റെ പകർപ്പ് യൂണിടാകിന്റെ അഡ്മിൻ മാനേജർ മനീഷ് എസ് പിക്കും നൽകിയിട്ടുണ്ട്. റെഡ് ക്രെസന്റിന് നിർമ്മാണവുമായി മുന്നോട്ട് പോകാമെന്നും കത്തിലുണ്ട്. നിർമ്മാണത്തിന് ആവശ്യമായ അനുമതികൾ ലൈഫ് മിഷൻ എടുത്തു നൽകുമെന്നും ഇതിൽ പറയുന്നു. റെഡ് ക്രസന്റും സർക്കാരും ധാരണാപത്രം ഒപ്പിട്ടതിന് അടുത്ത മാസമാണ് ഈ കത്ത് അയച്ചിരിക്കുന്നത്.