കോഴിക്കോട്: ഒരു നാല് വയസുകാരന് സൈക്കിൾ കൊണ്ട് എന്ത് ചെയ്യാൻ കഴിയും എന്ന് ചോദിച്ചാൽ ആദവിന്റെ മറുപടി ലളിതമായിരിക്കും. പത്ത് മിനിറ്റുകൊണ്ട് ഒന്നര കിലോമീറ്റർ ദൂരം സൈക്കിൾ ചവിട്ടി ദേശീയ റെക്കോർഡിന് ഉടമയായതാണ് ഈ കൊച്ചു മിടുക്കൻ. കുയ്‌തേരി സ്വദേശിയായ നാല് വയസുകാരൻ ആദവ് പത്ത് മിനിറ്റ് ഇരുപത് സെക്കന്റ് കൊണ്ടാണ് സൈക്കിൾ ചവിട്ടി ഇന്ത്യൻ ബുക്‌സ് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയത്.
കുയ്‌തേരി എംഎൽപി സ്‌കൂൾ പ്രധാനാദ്ധ്യാപകൻ ആർ ശ്രീരാജിന്റെയും വെള്ളൂർ എംഎൽപി സ്‌കൂൾ അദ്ധ്യാപിക ശ്രീതുവിന്റെയും മകനാണ് ആദവ്. മൂന്നാം വയസ്സിൽ അച്ഛൻ വാങ്ങിക്കൊടുത്ത സൈക്കിളിലാണ് ആദവ് പരിശീലനം ആരംഭിച്ചത്. മകൻ സൈക്കിൾ ഓടിക്കുന്നതിൽ പ്രത്യക മികവ് പുലർത്തുന്നത് ശ്രദ്ധയിൽപ്പെട്ട ശ്രീരാജ് സുരക്ഷക്കായി ഉപയോഗിക്കുന്ന ടയറുകൾ അഴിച്ചു മാറ്റി. പിന്നീട് വിജനമായ റോഡിൽ സവാരി ചെയ്യാൻ ആദവിനെ അനുവദിച്ചു.
ഇതിനിടയിലാണ് ഇന്ത്യൻ ബുക്‌സ് ഓഫ് റെക്കോർഡ്‌സിനെ കുറിച്ച് അറിയുന്നത്. ഒരു മാസം മുമ്പ് ആദവിനെ സൈക്കിളിൽ റോഡിൽ സഞ്ചരിക്കാൻ അനുവദിക്കുകയും പിന്നാലെ കാറിൽ പിന്തുടർന്ന ശ്രീരാജ് വീഡിയോ പകർത്തി ഇന്ത്യൻ ബുക്‌സ് ഓഫ് റെക്കോർഡ്‌സ് അധികൃതർക്ക് അയച്ചു കൊടുക്കുകയും ചെയ്‌തു.
നിർത്താതെ പത്ത് മിനിറ്റ് 20 സെക്കൻഡ് കൊണ്ട് ഒന്നര കിലോമീറ്റർ സഞ്ചരിച്ചു. തുടർന്ന് റോഡിലെ വെള്ളക്കെട്ടിൽ കുടുങ്ങിയതോടെ നിർത്തുകയായിരുന്നു. ഇന്ത്യൻ ബുക്‌സ് ഓഫ് റെക്കോർഡ്‌സ് അധികൃതർ ആദവിന് മെഡലും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.
Read Also: ദേശീയ അംഗീകാരം നേടി കണ്ണൂരില്‍ നിന്നും രണ്ട് ആരോഗ്യ കേന്ദ്രങ്ങള്‍ കൂടി







































