ഇടുക്കി: മറയൂരിലെ പാളപ്പെട്ടി ഊരിൽ യുവതി ബന്ധുവിന്റെ വെടിയേറ്റ് മരിച്ചു. 35 വയസുകാരി ചന്ദ്രികയാണ് സഹോദരീപുത്രന്റെ വെടിയേറ്റ് മരിച്ചത്. പാളപെട്ടി ഊരിൽ നിന്നും ഒരു കിലോമീറ്ററോളം മാറി കൃഷി സ്ഥലത്തായിരുന്നു സംഭവം നടന്നത്. കൃത്യം നടത്തിയെന്ന് കരുതുന്ന ചന്ദ്രികയുടെ സഹോദിയുടെ മകൻ കാളിയപ്പനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മറ്റ് രണ്ട് പേരെ കൂടി മറയൂർ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മണികണ്ഠൻ, മാധവൻ എന്നിവരാണ് കസ്റ്റഡിയിലായത്. പ്രതികൾ മൂവരും ചന്ദനകടത്ത് കേസിൽ ഉൾപ്പെട്ടവരാണെന്നാണ് വിവരം.
ചന്ദനത്തടി മുറിച്ചു കടത്തിയത് ചന്ദ്രികയാണ് വനംവകുപ്പിനെ അറിയിച്ചതെന്ന സംശയത്തിലാണ് ഇവർ യുവതിയെ വെടിവെച്ചു കൊന്നതെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചിരുന്നു.
ഇന്നലെ രാത്രി കാളിയപ്പനും യുവതിയും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നുവെന്നും അതിന് ശേഷം ഇയാൾ നാടൻ തോക്ക് ഉപയോഗിച്ച് ചന്ദ്രികക്കു നേരെ വെടിയുതിർക്കുകയായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.







































