കൊച്ചി: കശുവണ്ടി വികസന കോർപറേഷൻ അഴിമതിയിൽ കുറ്റപത്രം നൽകാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയിൽ. കേസിലെ പ്രതികളായ ഐഎൻടിയുസി സംസ്‌ഥാന പ്രസിഡണ്ടായ ആർ ചന്ദ്രശേഖരനും, മുൻ എംഡി രതീഷിനുമെതിരെ സിബിഐ ആവശ്യപ്പെട്ട പ്രോസിക്യൂഷൻ അനുമതി നേരത്തെ സർക്കാർ നിഷേധിച്ചിരുന്നു. തെളിവുകളുടെ അഭാവത്തിൽ പ്രോസിക്യൂഷൻ അനുമതിയില്ലെന്നാണ് വ്യവസായ വകുപ്പ് സിബിഐക്ക് നൽകിയ മറുപടി. ഇതിനെ തുടർന്നാണ് സിബിഐ ഹൈക്കോടതിയെ സമീപിച്ചത്.
2015ലെ തോട്ടണ്ടി ഇറക്കുമതിയിൽ 500 കോടിലേറെ അഴിമതി നടന്നുവെന്ന ഹരജിയിൽ ഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ല. അതിനാൽ കുറ്റപത്രം സമർപ്പിക്കാൻ അനുവദിക്കണമെന്നാണ് സിബിഐ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്. അതേസമയം, അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കേസിൽ ഹാജരാകാനുണ്ടെന്നും കോവിഡ് സാഹചര്യത്തിൽ അദ്ദേഹത്തിന് എത്തിച്ചേരാൻ സാധിക്കില്ലെന്നും സർക്കാർ അറിയിച്ചതിനെ തുടർന്ന് കേസ് തിങ്കളാഴ്‌ചത്തേക്ക് മാറ്റി വെച്ചു.
Also Read: വിഎസ്‌എസ്‌സി മുൻ ഡയറക്‌ടർ എസ് രാമകൃഷ്‌ണൻ അന്തരിച്ചു
യുഡിഎഫ് സർക്കാരിന്റെ കാലത്ത് കണ്ടെത്തിയ അഴിമതി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്‍റെ ഏറ്റവും വലിയ പ്രചാരണ വിഷയമായിരുന്നു. എന്നാൽ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചതിനെ കുറിച്ച് സിപിഎം, എൽഡിഎഫ് നേതാക്കള്‍ക്ക് ഒരു വ്യക്‌തതയുമില്ല. തെളിവില്ലെന്ന കണ്ടത്തലിനപ്പുറം ചന്ദ്രശേഖരൻറെയും രതീഷിന്റെയും ഉന്നത ബന്ധങ്ങളാണ് കേസ് എഴുതിത്തള്ളുന്നതിന് പിന്നിലെന്നാണ് പരാതി.







































