തിരുവനന്തപുരം: കശുവണ്ടി വികസനത്തിനായി സ്‌ഥാപിച്ച കാപ്പക്‌സിൽ കോടികളുടെ അഴിമതി കണ്ടെത്തിയതിനെ തുടർന്ന് എംഡി ആർ രാജേഷിനെ സസ്‌പെൻഡ് ചെയ്‌തു. സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് നടപടി. കാപ്പക്‌സിൽ കോടികളുടെ അഴിമതി നടന്നെന്ന് ധനകാര്യ പരിശോധനാ വിഭാഗം നേരത്തെ റിപ്പോർട് നൽകിയിരുന്നു.
കർഷകരിൽ നിന്നും തോട്ടണ്ടി നേരിട്ട് സംഭരിക്കാനുള്ള ഉത്തരവ് അട്ടിമറിച്ച് വിദേശത്തുനിന്നും തോട്ടണ്ടി ഇറക്കുമതി ചെയ്‌ത് കോടികള്‍ തട്ടിയെന്നാണ് കണ്ടെത്തൽ. കാപ്പക്‌സ് എംഡി രാജേഷിനെ സ്‌ഥാനത്ത് നിന്നും മാറ്റി വിജിലൻസ് അന്വേഷണം നടത്തണമെന്നായിരുന്നു അഴിമതി അന്വേഷിച്ച സാമ്പത്തിക പരിശോധന വിഭാഗത്തിന്റെ ശുപാർശ. എന്നാൽ, അഴിമതിക്കാരനായ ഉദ്യോഗസ്‌ഥനെ സസ്‌പെൻഡ് ചെയ്യുകയാണ് ചെയ്‌തത്. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് അഴിമതിയുമായി ബന്ധപ്പെട്ട് രാജേഷിനെ സസ്പെൻഡ് ചെയ്യുന്നത്.
കേരളത്തിലെ കശുമാവ് കർഷകരിൽ നിന്നും നേരിട്ട് തോട്ടണ്ടി സംഭരിക്കാൻ 2018ലാണ് സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ കർഷകരിൽ നിന്നും വാങ്ങി എന്ന് രേഖയുണ്ടാക്കി വിദേശത്തുനിന്നും തമിഴ്‌നാട്ടിലെ തുറമുഖത്ത് ഇറക്കിയ കശുവണ്ടി വാങ്ങിയെന്നാണ് കണ്ടെത്തൽ. 2018ലും 2019ലും സമാനമായ ക്രമക്കേട് നടത്തിയിട്ടുണ്ട്. 2018ൽ ഷിബു ടിസി എന്ന കർഷകനിൽ നിന്നും തോട്ടണ്ടി വാങ്ങി എന്നാണ് രേഖയിലുള്ളത്. പക്ഷെ അതിനുള്ള പണം നൽകിയത് തെക്കും മറ്റത്തിൽ എന്ന മറ്റൊരു സ്‌ഥാപനത്തിനാണ്.
ഷിബു സംഭരിച്ചെന്ന പേരിൽ നൽകിയത് വിദേശത്തുനിന്നും ഇറക്കുമതി ചെയ്‌ത തോട്ടണ്ടിയാണ്. ഷിബു വയനാട്ടിൽ ഭൂമി പാട്ടത്തിനെടുത്ത് കശുവണ്ടി കൃഷി ചെയ്‌തുവെന്ന് ഡയറക്‌ടർ ബോർഡിനെ തെറ്റിദ്ധരിപ്പിക്കാൻ വ്യാജ രേഖകള്‍ എംഡിയുടെ ഒത്താശയോടെ സമർപ്പിച്ചുവെന്നാണ് ധനവകുപ്പിന്റെ റിപ്പോർട്. 2019ലും കർഷകരിൽ നിന്നും വാങ്ങാതെ മെഹ്‌ബാബൂ ട്രേഡിംഗ് കമ്പനിയിൽ നിന്നും തോട്ടണ്ടി വാങ്ങി. രണ്ടു കോടി 9 ലക്ഷം രൂപക്കായിരുന്നു സംഭരണം. ഇതിലും ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കമ്പനിക്ക് ബാക്കി നൽകാനുള്ള തുക നൽകരുതെന്നാണ് ധനകാര്യപരിശോധനാ വിഭാഗത്തിന്റെ ശുപാർശ.
അനധികൃത ഇടപാടിലൂടെ നഷ്‌ടമായ തുക എംഡിയിൽ നിന്നും തിരിച്ചുപിടിക്കണമെന്നും വിജിലൻസ് അന്വേഷണം നടത്തണമെന്നും ശുപാശയുണ്ട്. സാമ്പത്തിക ആരോപണത്തിൽ രാജേഷ് നേരത്തെ സസ്‌പെൻഷനിലായിരുന്നു. സസ്‌പെൻഡ് ചെയ്യുമ്പോൾ പകുതി ശമ്പളം ബത്തയായി നൽകാറുണ്ട്. എന്നാൽ അന്വേഷണം അവസാനിക്കുന്നതിന് മുമ്പ് രാജേഷ് മുഴവൻ ശമ്പളവും എഴുതിയെടുത്തു. ഇതുവഴി നഷ്‌ടം വന്ന ഏഴു ലക്ഷം തിരിച്ചുപിടിക്കണമെന്നും ശുപാർശയുണ്ട്. സാമ്പത്തിക ക്രമക്കേടിന് കൂട്ടുനിന്ന അക്കൗണ്ട്‌സ് ഓഫിസർ സജീവ് കുമാർ, കോമേഴ്‌ഷ്യൽ അസിസ്‌റ്റന്റ് മഞ്‌ജു, കൊമേഴ്‌ഷ്യൽ മാനേജർ പി സന്തോഷ് എന്നിവർക്കെതിരേയും വകുപ്പ് തല നടപടി വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.
Also Read: വിവാദ വെളിപ്പെടുത്തൽ; മൊഴി നൽകാൻ സാവകാശം തേടി സ്വപ്‌ന സുരേഷ്