തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുന്നതിനായി ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി. ഈ മാസം 17നാണ് യോഗം ചേരുക. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
നേരത്തെ 10, പ്ളസ് ടു ക്ളാസുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരോട് ഈ മാസം 17 മുതല്‍ സ്കൂളുകളില്‍ എത്താന്‍ ആവശ്യപ്പെട്ടിരുന്നു. 50 ശതമാനം പേര് വീതം ഒന്നിടവിട്ട ദിവസങ്ങളില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. ഡിജിറ്റല്‍, റിവിഷന്‍ ക്ളാസുകള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
കോവിഡ് സാഹചര്യം കണക്കിലെടുത്ത് സ്കൂളുകള്‍ തുറക്കുന്നത് നീട്ടിവെച്ചിരിക്കുക ആയിരുന്നു. എന്നാല്‍ പത്ത്, പ്ളസ് ടു ക്ളാസുകളില്‍ പൊതുപരീക്ഷകളും പ്രാക്ടിക്കല്‍ ക്ളാസുകളും നടത്തേണതുണ്ട്. ഈ സാഹചര്യത്തിലാണ് സ്കൂളുകള്‍ തുറക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.
ജനുവരിയോടെ പത്താം ക്ളാസിന്റെയും 12ആം ക്ളാസിന്റെയും ഡിജിറ്റല്‍ ക്ളാസുകള്‍ പൂര്‍ത്തീകരിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എല്ലാ ക്ളാസുകളും തുറക്കുമോ അതോ 10, പ്ളസ് ടു കുട്ടികളുടെ പ്രാക്ടിക്കല്‍ ക്ളാസ് മാത്രമാണോ ആദ്യഘട്ടത്തില്‍ തുടങ്ങുക എന്നിങ്ങനെയുള്ള കാര്യങ്ങളിലെല്ലാം 17ന് ചേരുന്ന യോഗത്തില്‍ തീരുമാനമാകും എന്നാണ് കരുതുന്നത്.