ന്യൂഡെല്‍ഹി : കര്‍ഷക സമരത്തിന്റെ ഭാഗമായി കര്‍ഷകര്‍ നയിക്കുന്ന നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. 20 നേതാക്കളാണ് തലസ്‌ഥാന നഗരിയില്‍ നടക്കുന്ന പ്രതിഷേധം ശക്‌തമാക്കുന്നതിന്റെ ഭാഗമായി സത്യാഗ്രഹമിരിക്കുന്നത്. ഒപ്പം തന്നെ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഇന്ന് സത്യാഗ്രഹ സമരത്തില്‍ പങ്കെടുക്കും. സമരം ശക്‌തമാക്കുന്നതിന്റെ ഭാഗമായി കര്‍ഷകര്‍ നിരാഹാര സമരം കൂടി ആരംഭിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നതില്‍ സംശയമില്ല.
കര്‍ഷക സമരം രാജ്യമൊട്ടാകെ ശക്‌തമാകുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സമരം അലയടിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കര്‍ഷകര്‍ ഡെല്‍ഹി അതിര്‍ത്തികളിലേക്ക് നീങ്ങുകയാണ്. കാര്‍ഷിക നിയമ ഭേദഗതി പിന്‍വലിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ ഇന്ന് 9 മണിക്കൂറാണ് കര്‍ഷകര്‍ നിരാഹാരസമരത്തില്‍ ഏര്‍പ്പെടുന്നത്. കൂടാതെ ഇന്ന് രാജ്യത്തെ എല്ലാ ജില്ലാ ആസ്‌ഥാനങ്ങളിലും ധര്‍ണകളും, പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിക്കും.
കൂടാതെ കര്‍ഷകര്‍ നിലവില്‍ സിംഗു, ഗാസിപ്പൂര്‍, ഹരിയാന, രാജസ്‌ഥാന്‍ എന്നിവിടങ്ങള്‍ ഉപരോധിച്ചുള്ള സമരം തുടരുകയാണ്. കഴിഞ്ഞ ദിവസം മുതല്‍ കര്‍ഷകര്‍ രാജസ്‌ഥാനില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ദേശീയപാതയും ഉപരോധിച്ച് തുടങ്ങി. കൂടാതെ രാജസ്‌ഥാന്‍-ഹരിയാന അതിര്‍ത്തിയിലേക്കെത്തിയ കര്‍ഷക മാര്‍ച്ചിനെ പോലീസും, അര്‍ധസൈനിക സേനയും ചേര്‍ന്ന് തടഞ്ഞു. സമരം അവസാനിപ്പിക്കാനായി കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്താനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വലിയ രീതിയില്‍ നടക്കുകയാണ്. എന്നാല്‍ നിയമം പിന്‍വലിക്കുമെന്ന് ഉറപ്പ് നല്‍കാതെ ഇനി ചര്‍ച്ചക്ക് തയ്യാറല്ലെന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍.
Read also : കര്‍ഷക സമരം; പ്രതിരോധം ശക്‌തമാക്കാന്‍ കൂടുതല്‍ പോലീസ് സേന





































