ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തിൽ ഇടപെട്ട് സുപ്രീം കോടതി. കർഷകരുടെ പ്രശ്‌നം പരിഹരിക്കാൻ കർഷക സംഘടനാ നേതാക്കളും ഉദ്യോഗസ്‌ഥരും ഉൾക്കൊള്ളുന്ന സമിതി രൂപീകരിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി. കര്‍ഷക സമരം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജികളിലാണ് നടപടി. സർക്കാർ തുറന്ന മനസോടെ പ്രവർത്തിച്ചില്ലെങ്കിൽ കർഷകരുമായുള്ള ചർച്ച വീണ്ടും പരാജയപ്പെടുമെന്ന് ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്ഡെ കേന്ദ്രത്തെ ഓർമപ്പെടുത്തി. “നിയമങ്ങൾ തങ്ങൾക്കെതിരാണെന്ന് കർഷകർ മാനസിലാക്കുന്നു, നിങ്ങൾ തുറന്ന മാനസോടെ സമീപിക്കുന്നില്ലെങ്കിൽ നിങ്ങളുടെ ചർച്ചകൾ ഫലം കാണില്ല,”- ചീഫ് ജസ്‌റ്റിസ് പറഞ്ഞു.
കർഷകരുടെ പ്രശ്‌നം പരിഹരിക്കാൻ ഉടൻ ഒരു സമിതി രൂപീകരിക്കണം എന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി പറഞ്ഞു. അധികം വൈകാതെ ഇത് ഒരു ദേശീയ പ്രശ്‌നമായി മാറുമെന്നും സർക്കാരുമായി നേരിട്ട് കർഷകർ ഇടപെട്ടാൽ പരിഹാരം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ മുഴുവന്‍ കര്‍ഷക സംഘടനകള്‍ക്കും നിലപാട് അറിയിക്കാന്‍ അവസരം നല്‍കിയ കോടതി അതിനായി കേസ് നാളെത്തേക്ക് മാറ്റി.
അതേസമയം ഡെല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തില്‍ പോലീസ് വിന്യാസം ശക്‌തമാക്കുന്നുണ്ട്. അയല്‍ സംസ്‌ഥാനനങ്ങളില്‍ നിന്നുള്ള കര്‍ഷകരുടെ വരവ് തടയുന്നതിനായി ഡെല്‍ഹിയിലേക്കുള്ള കൂടുതല്‍ അതിര്‍ത്തികള്‍ അടക്കാനാണ് നീക്കം.
എന്നാൽ നഗരത്തിലേക്കുള്ള അതിര്‍ത്തികള്‍ അടച്ചാലും പിന്‍വാങ്ങില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. ഗ്രാമങ്ങള്‍ ചുറ്റി ദീര്‍ഘമായ വഴികളിലൂടെ സഞ്ചരിച്ച് കര്‍ഷകര്‍ പ്രക്ഷോഭത്തിന് എത്തുന്നുണ്ട്. ആയിരക്കണക്കിന് പേരാണ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഓരോ ദിവസവും എത്തുന്നത്. 3 കാർഷിക നിയമങ്ങളും പിൻവലിച്ചാൽ മാത്രമേ സമരത്തിൽ നിന്ന് പിൻമാറുകയുള്ളൂവെന്ന് കർഷകർ വ്യക്‌തമാക്കി.
Kerala News: ‘ഇത് എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനത്തിന് ലഭിച്ച അംഗീകാരം’; സീതാറാം യെച്ചൂരി







































