ന്യൂഡെല്‍ഹി : കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. കാര്‍ഷിക നിയമഭേദഗതി തല്‍ക്കാലം നടപ്പാക്കരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട സുപ്രീംകോടതി, അത് അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ കാര്‍ഷിക ബില്ലുകള്‍ക്ക് സ്‌റ്റേ ഏര്‍പ്പെടുത്തുമെന്നും വ്യക്‌തമാക്കി. കാര്‍ഷിക നിയമം നടപ്പിലാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെ കോടതി വിമര്‍ശിച്ചു. ഒപ്പം തന്നെ നിയമങ്ങള്‍ക്കെതിരെ പല സംസ്‌ഥാനങ്ങളും രംഗത്ത് വന്നതും കോടതി ചൂണ്ടിക്കാട്ടി. നിരവധി സംസ്‌ഥാനങ്ങളില്‍ നിന്നും കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ എതിര്‍പ്പ് ഉയര്‍ന്നു വന്നിട്ടും നിയമങ്ങളില്‍ എന്ത് കൂടിയാലോചനയാണ് നടന്നതെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് ചോദിച്ചു.
രാജ്യതലസ്‌ഥാനത്ത് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന സമരത്തിന്റെ പശ്‌ചാത്തലത്തിലാണ് സുപ്രീംകോടതി കേസ് പരിഗണിച്ചത്. അതേസമയം തന്നെ കര്‍ഷകര്‍ ചര്‍ച്ച തുടരാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ പറഞ്ഞു. കാര്‍ഷിക നിയമഭേദഗതിക്കായി നടപടികള്‍ തുടങ്ങിയത് മുന്‍സര്‍ക്കാരാണെന്നാണ് കോടതിയില്‍ കേന്ദ്രം വ്യക്‌തമാക്കിയത്. എന്നാല്‍ കേന്ദ്രത്തിന്റെ ആ വാദത്തിനെതിരെ സുപ്രീംകോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
കാര്‍ഷിക നിയമങ്ങള്‍ തല്‍ക്കാലം നടപ്പാക്കരുതെന്നാണ് കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുവരെ കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സംഘടനകളുമായി നടത്തിയ ചര്‍ച്ചകള്‍ ഒന്നും തന്നെ ഫലം കാണാത്ത സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിനായി വിദഗ്‌ധ സമിതി രൂപീകരിക്കാമെന്ന നിര്‍ദേശവും സുപ്രീംകോടതി മുന്നോട്ട് വച്ചിട്ടുണ്ട്.
Read also : തിയേറ്ററുകൾ തുറക്കാൻ ധാരണ; സെക്കൻഡ് ഷോ അനുവദിക്കില്ല







































