ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ നടത്തുന്ന കിസാൻ പരേഡ് തികച്ചും സമാധാനപരമായാണ് സംഘടിപ്പിക്കുകയെന്ന് നേതാക്കൾ വ്യക്‌തമാക്കി. റിപ്പബ്‌ളിക് ദിനത്തിൽ നടക്കുന്ന പരേഡ് രാജ്‌പഥ് ഉൾപ്പടെ ഡെൽഹിയിലെ റോഡുകളിലാണ് നടക്കുകയെന്ന അഭ്യൂഹവും കർഷക നേതാക്കൾ തള്ളി.
കർഷക സമരം നടക്കുന്ന ഡെൽഹി അതിർത്തികൾ കേന്ദ്രീകരിച്ചാണ് പരേഡ് തീരുമാനിച്ചിട്ടുള്ളതെന്ന് സംയുക്‌ത കിസാൻ മോർച്ച നേതാവ് ബൽബീർ സിങ് രാജേവാൾ വ്യക്‌തമാക്കി. റിപ്പബ്‌ളിക് ദിനാഘോഷം ദേശസ്‌നേഹത്തിന്റെ പ്രതീകമാണെന്നും ചടങ്ങുകൾ പൂർത്തിയായ ശേഷമാണ് കിസാൻ പരേഡ് നിശ്‌ചയിച്ചിട്ടുള്ളതെന്നും കിസാൻ സഭ ജനറൽ സെക്രട്ടറിയും കിസാൻ മോർച്ച നേതാവുമായ ഹനൻമൊള്ളയും പറഞ്ഞു.
നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ റിപ്പബ്‌ളിക് ദിനത്തിന് ശേഷം കേന്ദ്രവിരുദ്ധ പ്രക്ഷോഭത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, കർഷക പ്രക്ഷോഭം 50 ദിവസം പിന്നിട്ട ഇന്ന് കേന്ദ്രസർക്കാരും കർഷകരും തമ്മിലുള്ള ഒൻപതാം ഘട്ട ചർച്ച നടക്കും. കഴിഞ്ഞ 8 തവണയും ചർച്ച പരാജയമായിരുന്നു. എന്നാൽ, ഇത്തവണ ഫലപ്രദമായ ചർച്ച നടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കർഷക നേതാക്കളുമായി തുറന്ന മനസോടെ ചർച്ചക്ക് തയാറാണെന്നും കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കർഷകരും കേന്ദ്രസർക്കാരുമായി ചർച്ച നടത്താൻ സുപ്രീം കോടതി നിയോഗിച്ച സമിതിയിൽ നിന്ന് ഭാരതീയ കിസാൻ യൂണിയൻ പ്രസിഡണ്ടായ ഭുപീന്ദർ സിംഗ് മാൻ കഴിഞ്ഞ ദിവസം പിൻമാറിയിരുന്നു. കാർഷിക നിയമങ്ങളെ അനുകൂലിക്കുന്നവരെയാണ് സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന ആക്ഷേപത്തെ തുടർന്നാണ് അദ്ദേഹം പിൻവാങ്ങിയത്.
Also Read: വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചാലും ഇനി വിള ഇൻഷുറൻസ് പരിരക്ഷ










































