കണ്ണൂർ: ബാങ്ക് മേനേജർ എന്ന വ്യാജേന പള്ളിക്കുന്ന് സ്വദേശിയുടെ കയ്യിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ ഉത്തർപ്രദേശ് സ്വദേശി പ്രവീൺ കുമാറിനെ (30) പോലീസ് അറസ്റ്റ് ചെയ്തു. 9 ലക്ഷം രൂപയാണ് പ്രവീണും സംഘവും ചേർന്ന് കവർന്നത്.
സംഘത്തിൽ 4 പേരാണ് ഉണ്ടായിരുന്നതെന്ന് പോലീസ് പറയുന്നു. ബംഗാൾ, ജാർഖണ്ഡ് സ്വദേശികളായ 2 പേരും ഉത്തർപ്രദേശിൽ നിന്ന് മറ്റൊരാളും. ഇവരെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. 2019 ജൂൺ 27, 28 ദിവസങ്ങളിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.
എസ്ബിഐ മാനേജർ എന്ന് വിശേഷിപ്പിച്ച് പ്രതി പ്രവീൺ കുമാർ അധ്യാപികയായ പള്ളിക്കുന്ന് സ്വദേശിയെ വിളിക്കുകയും ഇവരുടെ എടിഎം കാർഡുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അല്ലെങ്കിൽ എടിഎം കാർഡിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കില്ലെന്നും പ്രവീൺ ഇവരെ ധരിപ്പിച്ചു.
തുടർന്ന്, എടിഎം നമ്പറും ഒടിപിയും കൈമാറിയ അധ്യാപിക പിന്നീട് അക്കൗണ്ടിൽ നിന്ന് തുടർച്ചയായി പണം നഷ്ടപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസിലാക്കിയത്. ജൂൺ 27ന് 6 ലക്ഷം രൂപയും 28ന് 3 ലക്ഷം രൂപയുമാണ് പ്രതികൾ കവർന്നത്. തട്ടിപ്പ് മനസിലായതോടെ കണ്ണൂർ പോലീസ് സ്റ്റേഷനിൽ അധ്യാപിക പരാതി നൽകി. പോലീസ് കേസന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവിൽ പോയി.
തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ പ്രതി പ്രവീൺ യുപിയിലുണ്ടെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. മിർജാപൂരിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Also Read: പോലീസ് ബാരിക്കേഡുകൾ തകർത്ത് കർഷകർ ഡെൽഹിയിൽ






































