ന്യൂഡെൽഹി: കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ പ്രക്ഷോഭം തുടരുന്നതിനിടെ പഞ്ചാബിലെ ധാന്യ സംഭരണ കേന്ദ്രങ്ങളിൽ സിബിഐ റെയ്‌ഡ്. സംസ്‌ഥാനത്തെ 40 ധാന്യ സംഭരണ കേന്ദ്രങ്ങളിൽ സിബിഐ റെയ്‌ഡ് നടക്കുന്നതായാണ് വിവരം. അരി, ഗോതമ്പ് ശേഖരത്തിന്റെ സാംപിളുകൾ ഇവിടെ നിന്നും സിബിഐ പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം രാത്രി മുതലാണ് സിബിഐ പരിശോധന ആരംഭിച്ചത്. അർധ സൈനിക വിഭാഗങ്ങളുടെ സഹായത്തോടെയാണ് പരിശോധന. പഞ്ചാബ് ഗ്രെയിൻസ് പ്രക്യുർമെൻറ് കോർപ്പറേഷൻ, പഞ്ചാബ് വെയർഹൗസിങ്, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ തുടങ്ങിയ സംഭരണശാലകളിലാണ് റെയ്‌ഡ് നടക്കുന്നത്.
2019-20, 2020- 21 വർഷത്തിൽ സംഭരിച്ച ഗോതമ്പിന്റെയും അരിയുടെയും സാംപിളുകളാണ് സംഭരണശാലകളിൽ നിന്നും സിബിഐ പിടിച്ചെടുത്തതെന്നാണ് സൂചന.
Read also: പാക് ഭീകരസംഘടന ലഷ്‌കർ ഇ ഇസ്‌ലാമിന്റെ തലവൻ കൊല്ലപ്പെട്ടു









































