കോഴിക്കോട് : ജില്ലയിലെ സൗത്ത് ബീച്ചിൽ നിന്നും അനധികൃതമായ ലോറി പാർക്കിംഗ് മാറ്റുമെന്ന് തീരുമാനിച്ചിട്ട് വർഷങ്ങൾ പിന്നിടുമ്പോഴും യാതൊരുവിധ നടപടിയുമില്ലാതെ ലോറി പാർക്കിംഗ് ഇപ്പോഴും തുടരുന്നു. അന്യ സംസ്‌ഥാനങ്ങളിൽ നിന്നും കോഴിക്കോട് വലിയങ്ങാടിയിലേക്ക് സാധനങ്ങൾ കൊണ്ടുവരുന്ന ചരക്ക് ലോറികളാണ് സൗത്ത് ബീച്ചിന് സമീപമുള്ള റോഡരികിൽ അനധികൃതമായി പാർക്ക് ചെയ്യുന്നത്. ഇതിനെതിരെ പ്രദേശവാസികൾക്കിടയിൽ നിന്നും വലിയ പ്രതിഷേധങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് 3 വർഷം മുൻപ് ലോറി പാർക്കിംഗ് മാറ്റാൻ കോർപറേഷൻ കൗൺസിൽ തീരുമാനമെടുത്തത്.
ചരക്കുമായി ഇവിടെ എത്തുന്ന ലോറികൾ സൗത്ത് ബീച്ചിന് സമീപം പാർക്ക് ചെയ്‌ത് അതിന്റെ മറവിൽ ലഹരിമരുന്ന് വ്യാപാരവും, സാമൂഹിക വിരുദ്ധ ശല്യവും രൂക്ഷമായതിനെ തുടർന്നാണ് പ്രദേശവാസികൾ എതിർപ്പുമായി രംഗത്തെത്തിയത്. സൗത്ത് റോഡിലെ പാർക്കിംഗ് ഭട്ട് റോഡിലെ കോർപറേഷൻ വക സ്‌ഥലത്തേക്ക് മാറ്റാനാണ് ആദ്യം തീരുമാനം എടുത്തത്. എന്നാൽ അവിടെയും സമീപവാസികൾക്കിടയിൽ എതിർപ്പുകൾ ഉയർന്നതോടെ മീഞ്ചന്തയിൽ ബസ് സ്‌റ്റാൻഡിനായി കോർപറേഷൻ ഏറ്റെടുത്ത സ്‌ഥലത്തേക്ക് മാറ്റാനുള്ള തീരുമാനം എടുത്തു. പക്ഷേ അതും തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നു.
സൗത്ത് ബീച്ചിൽ തന്നെയുള്ള തുറമുഖ വകുപ്പിന്റെ താൽക്കാലിക സ്‌ഥലത്തേക്ക് പാർക്കിംഗ് സ്‌ഥലം ക്രമീകരിക്കാനുള്ള നടപടികൾ ആരംഭിച്ചെങ്കിലും അവയും വിജയിച്ചില്ല. ഇതിനായി തുറമുഖവകുപ്പ് അനുകൂല നിലപാട് ഇതുവരെ എടുത്തിട്ടില്ലെന്നാണ് ആക്ഷേപം ഉയരുന്നത്. അതിനാൽ തന്നെ തുടർനടപടികൾക്കായി കോർപറേഷൻ ഭരണസമിതി സമ്മർദം ചെലുത്തുമെന്ന് ഡെപ്യൂട്ടി മേയർ സിപി മുസാഫർ അഹമ്മദ് വ്യക്‌തമാക്കിയിട്ടുണ്ട്.
Read also : പരാതിക്കാർ ക്ഷമിക്കണം, ഞാൻ ആഫ്രിക്കയിലാണ്; പിവി അൻവർ എംഎൽഎ







































