കൊച്ചി: പെരിയ ഇരട്ടകൊലപാതകത്തിന് പകരം വീട്ടുമെന്ന് വെല്ലുവിളിച്ച കോൺഗ്രസുകാർ അത് പ്രാവർത്തികമാക്കിയതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുമ്പോഴും, കൊലപാതക നീക്കം അറിഞ്ഞിട്ടും ഇത് തടയാൻ കോൺഗ്രസ് നേതൃത്വം തയ്യാറായില്ലെന്നും കോടിയേരി ആരോപിച്ചു. പകരത്തിനു പകരം സിപിഎമ്മിന്റെ രീതിയല്ലെന്നും പാർട്ടി പ്രവർത്തകരാരും അക്രമത്തിനു പുറപ്പെടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെഞ്ഞാറമൂട് ഇരട്ടകൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഎം സംഘടിപ്പിച്ച പ്രക്ഷോഭ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.
ഇരട്ട കൊലപാതകത്തിന് ശേഷം സംസ്ഥാനത്ത് പലയിടത്തും കോൺഗ്രസ് ഓഫീസുകൾ ആക്രമിക്കപ്പെട്ടിരുന്നു.ഇതിനെയും കോടിയേരി തള്ളിപറഞ്ഞു. കോൺഗ്രസ് ഓഫീസുകൾ ആക്രമിക്കുകയോ കേടുപാടുകൾ വരുത്താനോ ശ്രമിക്കുന്ന പ്രവർത്തകരെ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യ പ്രകോപനം സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എംഎൽഎ ഡി.കെ മുരളിയുടെ മകനുമായുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന ആരോപണത്തിൽ അടൂർ പ്രകാശ് എംപി ഉറച്ചുനിൽക്കുകയാണ്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിനെതിരെയും ആരോപണവുമായി അടൂർ പ്രകാശ് രംഗത്തെത്തി. സാക്ഷിയെ സ്വാധീനിച്ചുവെന്നും മൊഴിയെടുപ്പിൽ ഇടപെട്ടെന്നുമാണ് ആരോപണം.







































