കാസർഗോഡ് : വേനൽക്കാലം ആരംഭിച്ചതോടെ ജില്ലയിൽ വിവിധ ഭാഗങ്ങളിൽ തീപിടുത്തം വ്യാപകമാകാൻ തുടങ്ങി. ഇതോടെ പ്രതിദിനം അഗ്‌നിരക്ഷാ സേനയുടെ ഓഫീസിലേക്ക് തീപിടുത്തം അറിയിച്ചുകൊണ്ട് വരുന്ന സന്ദേശങ്ങളും വർധിച്ചു. കഴിഞ്ഞ ജനുവരി മുതൽ ഇതുവരെ ജില്ലയിലെ കാഞ്ഞങ്ങാട് അഗ്‌നിരക്ഷാ സേന ഓഫീസിലേക്ക് മാത്രമായി 48 ഫോൺ വിളികളാണ് എത്തിയത്.
വേനൽ കടുത്തതോടെ മിക്കയിടങ്ങളിലും ഉണങ്ങിയ പുല്ലുകളും, കാടുകളും കത്തുന്നതാണ് തീപിടുത്തത്തിന് കാരണമാകുന്നത്. തീപിടുത്തം അറിയിച്ചുകൊണ്ട് വിവിധ സ്‌ഥലങ്ങളിൽ നിന്നും ഒരേ സമയത്ത് വിളികൾ വരുന്നതും അഗ്‌നിരക്ഷാ സേനക്ക് വെല്ലുവിളിയാകുന്നുണ്ട്. കൂടാതെ വാഹനങ്ങൾ കടന്നു ചെല്ലാൻ പറ്റാത്ത സ്‌ഥലങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം മൂലം അവിടേക്ക് തീയണക്കാൻ വേണ്ട സാമഗ്രികൾ എത്തിക്കുന്നതിനും ബുദ്ധിമുട്ടുകൾ സൃഷ്‌ടിക്കും. ഈ സാഹചര്യത്തിൽ പച്ചക്കമ്പുകൾ മാത്രം ഉപയോഗിച്ച് തീ തല്ലിക്കെടുത്തുകയാണ് പതിവ്.
കൂടാതെ മലയോര മേഖലകളിൽ തീപിടുത്തം ഉണ്ടാകുന്ന സാഹചര്യങ്ങളിലൂം കൃത്യ സമയത്ത് സേനക്ക് അവിടെ എത്തിച്ചേരുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. മിക്കപ്പോഴും തീപിടുത്തം ഉണ്ടാകുന്നതിന് പ്രധാന കാരണം അശ്രദ്ധ മൂലമുള്ള പ്രവൃത്തികളാണ്. ഉണങ്ങിയ പുല്ലുകൾ ഉള്ള സ്‌ഥലത്തേക്ക് അശ്രദ്ധയോടെ വലിച്ചെറിയുന്ന സിഗററ്റ് പോലും തീപിടുത്തം ഉണ്ടാകുന്നതിന് കാരണമാകും. കൂടാതെ വൈദ്യുത കമ്പികൾ തമ്മിൽ കൂട്ടിമുട്ടിയുണ്ടാകുന്ന തീപ്പൊരികൾ മൂലവും, പറമ്പുകളിൽ അലക്ഷ്യമായി ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കുന്നത് മൂലവും ഇപ്പോൾ തീപിടുത്തം വ്യാപകമായി ഉണ്ടാകാറുണ്ട്.
Read also : കണ്ണൂരിൽ ട്രാൻസ്ജെൻഡർ തീ കൊളുത്തി മരിച്ച നിലയിൽ






































