മുക്കം: ഉൾനാടൻ മത്സ്യകൃഷിയെ പ്രോത്സാഹിപ്പിക്കാനും വിഷം തീണ്ടിയിട്ടില്ലാത്ത നല്ലയിനം മത്സ്യങ്ങൾ ഉത്പാദിപ്പിക്കുന്നതിനും വേണ്ടി പുതിയ പദ്ധതിയുമായി മുക്കം നഗരസഭ. മത്സ്യ സമൃദ്ധി എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിൽ മത്സ്യത്തെയും സൂക്ഷ്മാണുക്കളെയും ഒരുമിച്ചു വളർത്തുന്ന ഇസ്രായേൽ സാങ്കേതിക വിദ്യയായ ബയോഫ്ലാക്, വീട്ടുവളപ്പിൽ ചെയ്യാൻ കഴിയുന്ന മത്സ്യകുളം (സിൽപോളിൻ ) എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ആകെ 100 പേർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഇതിൽ 30 ബയോഫ്ലാക്കുകളും 70 വീട്ടുവളപ്പിലെ കുളങ്ങളും ഉൾപ്പെടുന്നു. ഫിഷറീസ് വകുപ്പും നഗരസഭയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു കോടി ഇരുപത്തിയെഴ് ലക്ഷം രൂപയാണ് വകയിരുത്തിയത്. ജനകീയ പങ്കാളിത്തത്തോടെ മത്സ്യോത്പാദനം വർദ്ധിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ബയോഫ്ലാക് ഒരു യൂണിറ്റിന് 1.38 ലക്ഷം രൂപയാണ് ചിലവ്. ഇതിൽ 55,200 രൂപയാണ് നഗരസഭയും ഫിഷറീസ് വകുപ്പും ചേർന്ന് നൽകുന്നത്. ബാക്കി തുകയെ ഉപഭോക്താക്കൾ കണ്ടെത്തേണ്ടതുള്ളൂ. കർഷകർക്ക് ആവശ്യമായ സാങ്കേതിക സഹായവും പരിശീലനവും ഫിഷറീസ് വകുപ്പ് നൽകും. ആയിരം കിലോഗ്രാം മത്സ്യമാണ് ഒരു യൂണിറ്റിൽ നിന്ന് ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നത്. വർഷം രണ്ട് തവണ വിളവെടുക്കാൻ കഴിയും. ഇതിലൂടെ ഒരു ലക്ഷം രൂപയിലധികം കണ്ടെത്താം എന്ന് പ്രതീക്ഷിക്കുന്നു.
വീട്ടുവളപ്പിലെ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയിൽ യൂണിറ്റ് ഒന്നിന് ഏകദേശം 1.23 ലക്ഷം രൂപയാണ് ചിലവ് കണക്കാക്കുന്നത്. ഇതിൽ നിന്നും ആയിരം കിലോഗ്രാം മത്സ്യമാണ് ഉത്പാദിപ്പിക്കാൻ കഴിയുക.
ഇന്ന് വൈകീട്ട് 3 മണിക്ക് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഓൺലൈനിലൂടെ പദ്ധതി ഉദ്ഘാടനം നിർവഹിക്കും. ജോർജ് എം തോമസ് എംഎൽഎ ചടങ്ങിൽ അദ്ധ്യക്ഷനാവും.




































