കോട്ടയം: തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം ലഭിച്ച ശേഷമുള്ള കേരള കോൺഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന് നടക്കും. ഔദ്യോഗിക പക്ഷമായി അംഗീകരിക്കപ്പെട്ടതോടെ കൂടുതൽ ശക്തമായ നടപടികളിലേക്ക് കടക്കാനുള്ള നീക്കങ്ങൾ യോഗത്തിൽ ചർച്ചയാകും. പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച എല്ലാ ജനപ്രതിനിധികളോടും മടങ്ങി വരാൻ ജോസ് കെ മാണി ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറല്ലാത്തവർക്കെതിരെ സ്വീകരിക്കേണ്ട നടപടികൾ യോഗത്തിൽ ചർച്ച ചെയ്യും.
മുന്നണി പ്രവേശമാണ് ഏവരും ഉറ്റുനോക്കുന്ന ചർച്ചാവിഷയം. തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ മുന്നണി പ്രവേശനം പാർട്ടിക്ക് അനിവാര്യമാണ്. ഇടതു മുന്നണിയിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചതോടെ കൂടുതൽ ചർച്ചകളിലൂടെ മാത്രമേ ഏത് മുന്നണിക്കൊപ്പം നിൽക്കണം എന്ന് പാർട്ടി തീരുമാനം എടുക്കുകയുള്ളൂ.
യുഡിഎഫിൽ ജോസഫിന്റെ സാന്നിധ്യമാണ് ജോസ് വിഭാഗത്തിനെ മറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. ഇടതു മുന്നണി യുഡിഎഫ് വിട്ടുവന്നാൽ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ എൽഡിഎഫിൽ ഇടഞ്ഞുനിന്ന സിപിഐ ഇപ്പോൾ നിലപാട് മയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വ്യക്തമായ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാനാണ് ജോസ് വിഭാഗം ശ്രമിക്കുന്നത്. ഇടതു മുന്നണിയാണ് മിക്ക അംഗങ്ങളും താൽപര്യപ്പെടുന്നത് എന്നാണ് സൂചനകൾ. വൈകാതെ തന്നെ മുന്നണി പ്രവേശത്തിൽ അന്തിമ തീരുമാനം ഉണ്ടാവും എന്നാണ് കരുതുന്നത്.


































