കണ്ണൂർ : ജില്ലയിൽ ബൈക്ക് റാലിക്കിടെ ഗർഭിണി സഞ്ചരിച്ച വാഹനം ആക്രമിച്ച കേസിൽ അറസ്റ്റിലായ ബിജെപി പ്രവർത്തകന്റെ ബൈക്ക് കത്തിച്ച നിലയിൽ. കല്യാശ്ശേരി കണ്ണപുരം പാറപ്പുറത്ത് പി രൺധീറിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കാണ് പെട്രോൾ ഒഴിച്ചു കത്തിച്ചത്. ബൈക്ക് പൂർണമായും കത്തി നശിച്ചു. ഇതിനു മുൻപ് രണ്ടു തവണയായി ഇദ്ദേഹത്തിന്റെ കാർ, ബൈക്ക് എന്നിവ കത്തിച്ചിരുന്നു.
തിങ്കളാഴ്ച വൈകീട്ട് ആറോടെ എടാട്ട് ദേശീയപാതയിൽ എന്‍ഡിഎയുടെ റോഡ്ഷോ നടക്കുന്നതിന് ഇടയിലാണ് ഗർഭിണിക്ക് നേരെ ആക്രമണം ഉണ്ടായത്. ഗര്‍ഭിണിയായ നാസിലയെ പയ്യന്നൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് വാഹനം തടഞ്ഞു നിർത്തി ബിജെപി പ്രവർത്തകർ ആക്രമിച്ചത്. തുടർന്ന് ഇതിന് പിന്നിൽ ഉണ്ടായിരുന്ന ബിജെപി പ്രവർത്തകരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബൈക്ക് കത്തിച്ച സംഭവത്തിൽ കണ്ണപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകർ ആണെന്നാണ് ബിജെപി ആരോപണം ഉന്നയിക്കുന്നത്.
Read also : ജില്ലയിൽ കള്ളനോട്ടുമായി രണ്ട് പേർ പിടിയിൽ






































