ഓട്ടാവ: ശാരീരിക വെല്ലുവിളികൾക്കൊന്നും തന്റെ ഇച്ഛാശക്തിയേയും ആഗ്രഹങ്ങളേയും തടഞ്ഞു നിർത്താൻ കഴിയില്ലെന്ന് തെളിയിക്കുകയാണ് കാനഡയിലെ ക്രിസ്റ്റ്യൻ ബാഗ് എന്ന യുവാവ്. അപ്രതീക്ഷിതമായി സംഭവിച്ച ഒരു അപകടം ശാരീരികമായി തളർത്തിയെങ്കിലും മനസുകൊണ്ട് തോറ്റുകൊടുക്കാൻ ബാഗിന് താൽപര്യം ഇല്ലായിരുന്നു.
സ്നോബോർഡിങ്ങിനിടെ സംഭവിച്ച അപകടത്തിലാണ് ബാഗിന്റെ നട്ടെല്ലിന് പരിക്കേറ്റത്. ഇതോടെ തന്റെ ഏറെ പ്രിയപ്പെട്ട യാത്രകളെ മാറ്റി നിർത്തേണ്ടി വന്നു. എന്നാൽ, ഏറെക്കാലം യാത്രകൾ ചെയ്യാതിരിക്കാൻ ബാഗിന് സാധിക്കില്ലായിരുന്നു. തന്റെ ശാരീരിക വെല്ലുവിളിയെ അതിജീവിച്ച് യാത്രകൾ വീണ്ടും തുടങ്ങണമെന്ന് ബാഗ് തീരുമാനിച്ചു. പർവ്വതകങ്ങൾ കയറാനായിരുന്നു അദ്ദേഹത്തിന് ഏറെ പ്രിയം. എന്നാൽ, ശരീരം അതിന് അനുവദിക്കുന്ന സാഹചര്യമായിരുന്നില്ല. “എന്റെ സുഹൃത്തുക്കളോടൊപ്പം പുറത്തുപോകാൻ ഞാൻ ആഗ്രഹിച്ചു, എന്നാൽ ഞാൻ കാരണം അവർ ബുദ്ധിമുട്ടാനോ യാത്രക്ക് തടസം ഉണ്ടാകാനോ പാടില്ല, അവർക്കൊപ്പം സഞ്ചരിക്കണം”- ബാഗ് പറയുന്നു.
ഈ ആഗ്രഹം ശക്തമായതോടെ തന്റെ ശാരീരിക വെല്ലുവിളി മറികടക്കാൻ ഒരു വീൽചെയർ നിർമ്മിക്കാൻ ബാഗ് തീരുമാനിച്ചു. പരമ്പരാഗത മോഡലുകളിൽ നിന്ന് വ്യത്യസ്തമായ വീൽചെയർ ആണ് അദ്ദേഹം നിർമ്മിക്കാൻ തീരുമാനിച്ചത്. തനിക്കു മാത്രമല്ല, തന്നെ പോലെ ശാരീരിക പരിമിതികളുള്ള, യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ആളുകൾക്ക് ഉപകാരപ്രദമാകണം എന്ന ഉദ്ദേശ്യത്തോടെയാണ് വീൽചെയർ നിർമ്മാണം ആരംഭിച്ചത്. നിരന്തരമുള്ള പരിശ്രമങ്ങൾക്കൊടുവിൽ ‘മൗണ്ടൻ ബൈക്കുകൾ’ എന്ന വീൽചെയർ മാതൃക അദ്ദേഹം നിർമ്മിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ മൗണ്ടൻ ബൈക്കുകളുടെ ഒരു നീണ്ട നിര തന്നെ ബാഗ് നിർമ്മിച്ചു. ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് ഏറെ ഉപകാരപ്രദമാണ് ഈ വീൽചെയറുകൾ.







































