കോഴിക്കോട്: ജനശതാബ്ദി ട്രെയിനുകൾ റദ്ദാക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ കോഴിക്കോട് നഗരത്തിൽ നിന്നും എറണാകുളത്തേക്ക് കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കും. ശനിയാഴ്ച മുതലാണ് റൂട്ടിൽ പുതിയ സർവീസ് ആരംഭിക്കുന്നത്. ബെംഗളൂരു അടക്കമുള്ള നഗരങ്ങളിലേക്ക് സർവീസ് നടത്തുന്ന മൾട്ടി ആക്സിൽ എ.സി ബസ് ആയിരിക്കും നിരത്തിലിറക്കുക. രാവിലെ 6 മണിക്ക് കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും പുറപ്പെടുന്ന ബസ് 9.50ന് എറണാകുളത്തെത്തും. ചങ്കുവെട്ടി(6.50), തൃശൂർ(8.15) എന്നിവിടങ്ങളിൽ മാത്രമേ സ്റ്റോപ്പ് അനുവദിക്കുകയുള്ളൂ.
വൈകീട്ട് 6 മണിക്ക് എറണാകുളത്ത് നിന്ന് തിരിച്ചു കോഴിക്കോട്ടേക്ക് പുറപ്പെടുന്ന ബസ് രാത്രി 9.50ന് നഗരത്തിലെത്തും. മടക്ക യാത്രയിൽ വൈകീട്ട് 7.35നാണ് തൃശൂരിൽ എത്തുക. കോഴിക്കോട്ടു നിന്ന് എറണാകുളത്തേക്ക് 631 രൂപയാണ് ടിക്കറ്റ് നിരക്ക്. ഓൺലൈൻ ബുക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
സെപ്റ്റംബർ 12 മുതലാണ് ജനശതാബ്ദി എക്സ്പ്രസുകൾ റെയിൽവേ നിർത്തലാക്കുന്നത്. മധ്യ കേരളത്തിലേക്കും തെക്കൻ ജില്ലകളിലേക്കുമുള്ള മലബാറുകാരുടെ യാത്ര കൂടുതൽ ക്ലേശകരമാക്കുന്ന തീരുമാനമാണ് റെയിൽവേ നടപ്പിലാക്കാൻ പോവുന്നത്. കോവിഡ് പ്രതിസന്ധിയിൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് തീരുമാനം.







































