ന്യൂഡെൽഹി : സമരം ചെയ്യുന്ന കർഷകരോടല്ല, കോവിഡ് വൈറസിനോടാണ് കേന്ദ്രസർക്കാർ പോരാടേണ്ടതെന്ന് വ്യക്‌തമാക്കി സംയുക്‌ത കിസാൻ മോർച്ച. കൂടാതെ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ സമരത്തിൽ നിന്നും പിൻമാറുകയുള്ളൂ എന്നും സംഘടന വ്യക്‌തമാക്കി. കർഷകരുടെ പ്രതിഷേധം നടക്കുന്ന സ്‌ഥലങ്ങളിൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ സ്‌ഥാപിക്കണമെന്നും കോവിഡിൽ നിന്ന് രക്ഷ നേടാനുള്ള മാർഗ നിർദേശങ്ങളും ആവശ്യമായ ഉപകരണങ്ങളും നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
ഡെൽഹി അതിർത്തി മുതൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഉള്ള കർഷകരുടെ വരെ ആവശ്യങ്ങൾ അംഗീകരിക്കുമ്പോൾ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂ. കുടിയേറ്റ തൊഴിലാളികളുടെ ആരോഗ്യത്തിനും സാമൂഹിക സുരക്ഷക്കും പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സർക്കാർ സ്വീകരിക്കണം. കൃഷിക്കാരുടെയും തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും ക്ഷേമത്തിൽ സർക്കാർ യഥാർഥത്തിൽ ശ്രദ്ധാലുക്കളാണെങ്കിൽ അവർ കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും സംയുക്‌ത കിസാൻ മോർച്ച പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്‌തമാക്കുന്നുണ്ട്.
കൂടാതെ സർക്കാരിന്റെ ചൂഷണ നയങ്ങൾ മൂലം നിരവധി കർഷകരാണ് ആത്‍മഹത്യ ചെയ്യുന്നതെന്നും, കർഷക സമരം നടക്കുന്നതിന് ഇടയിലും 375 കർഷകർ മരിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു. ഒപ്പം തന്നെ ബിജെപി നിലവിൽ അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്ന തിരക്കിൽ ആണെന്നും, കർഷകരോടും തൊഴിലാളികളോടുമല്ല, മറിച്ച് കോവിഡിന് എതിരെയാണ് പോരാടേണ്ടതെന്നും സംയുക്‌ത കിസാൻ മോർച്ച കേന്ദ്രത്തിനെതിരെ ആരോപണം ഉന്നയിച്ചു.
Read also : കോവിഡ് വ്യാപനം; പ്രത്യേക നിയമസഭാ സമ്മേളനം വേണമെന്ന് സഞ്‌ജയ് റാവത്ത്








































