ന്യൂഡെൽഹി: ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. എ. രാജ സംവരണത്തിന് അർഹനാണെന്നും ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇതോടെ, രാജയ്‌ക്ക് ദേവികുളം എംഎൽഎയായി തുടരാം.
പട്ടികജാതി സംവരണത്തിന് സിപിഎം ദേവികുളം എംഎൽഎ എ. രാജയ്‌ക്ക് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കിയത്. രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്‌ഥാനാർഥിയായി മൽസരിച്ച ഡി കുമാർ സമർപ്പിച്ച ഹരജിയിലായിരുന്നു കോടതി ഉത്തരവ്.
പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്ത് നിന്നും തിരഞ്ഞെടുക്കപ്പെടാൻ പട്ടികജാതിക്കാരൻ അല്ലാത്ത രാജക്ക് അവകാശമില്ലെന്ന് ആരോപിച്ചാണ് ഡി കുമാർ ഹരജി നൽകിയത്. ക്രിസ്‌തീയ വിശ്വാസിയായ രാജ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് തിരഞ്ഞെടുപ്പിൽ മൽസരിച്ചതെന്ന് ഹരജിക്കാരൻ വാദിച്ചിരുന്നു.
എ. രാജ ക്രിസ്‌തു വിഭാഗത്തിൽപ്പെട്ട ആളാണെന്നാണ് ഡി കുമാറിന്റെ ആരോപണം. ക്രിസ്‌തുമത വിശ്വാസികളായ അന്തോണി-എസ്‌തർ ദമ്പതികളുടെ മകനായി ജനിച്ച രാജ ക്രിസ്‌ത്യാനിയായി ജീവിക്കുന്ന ആളാണെന്നും, ഇയാളുടെ ഭാര്യ ഷൈനി പ്രിയയും ക്രിസ്‌തുമത വിശ്വാസിയാണെന്നും ഇവരുടെ വിവാഹം ക്രിസ്‌തുമത ആചാര പ്രകാരമാണ് നടന്നതെന്നുമായിരുന്നു ഡി കുമാറിന്റെ വാദം.
ഇതുമായി ബന്ധപ്പെട്ട രേഖകളും ഡി കുമാർ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതോടെ തെളിവുകളുടെ അടിസ്‌ഥാനത്തിൽ ഹൈക്കോടതി രാജയുടെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കുകയായിരുന്നു. ഇതിനെതിരെയാണ് രാജ സുപ്രീം കോടതിയെ സമീപിച്ചത്. അതേസമയം, ഉപതിരഞ്ഞെടുപ്പ് ഒഴിവായി കിട്ടിയ ആശ്വാസത്തിലാണ് എൽഡിഎഫ്.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ