മലപ്പുറം: വളാഞ്ചേരിയിലെ അത്തിപ്പറ്റയിൽ ആൾത്താമസം ഇല്ലാത്ത വീട്ടിലെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. യുവതിയുടേത് ആത്‍മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചത് അത്തിപ്പറ്റ സ്വദേശിനിയായ ഫാത്തിമയാണെന്ന് പോലീസ് സ്‌ഥിരീകരിച്ചിരുന്നു.
മൃതദേഹം കണ്ടെത്തിയ വീടിന് സമീപത്തെ വീട്ടിലെ ജോലിക്കാരിയാണ് ഇവർ. മരണകാരണം സംബന്ധിച്ച് വ്യക്‌തമായ വിവരങ്ങൾ ലഭ്യമല്ല. അന്വേഷണ സംഘത്തിന് ലഭിച്ച പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ ആത്‍മഹത്യ ആണെന്നാണ് പറയുന്നത്. എന്നാൽ, ഇക്കാര്യം സ്‌ഥിരീകരിക്കാൻ കൂടുതൽ പരിശോധന നടത്തണമെന്നാണ് അന്വേഷണ സംഘം പറയുന്നത്.
ഞായറാഴ്‌ച രാവിലെ 11 മണിയോടെയാണ് ആൾതാമസമില്ലാത്ത വീട്ടിലെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടുകാർ വിദേശത്തായതിനാൽ മാസങ്ങളായി അടഞ്ഞുകിടക്കുന്ന വീടായിരുന്നു. വീട്ടിൽ സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്. ഒഴിഞ്ഞ ടാങ്കിൽ ആമയെ വളർത്തുന്നുണ്ട്. ഇതിന് തീറ്റ കൊടുക്കാൻ വന്ന ജോലിക്കാരാണ് മൃതദേഹം കണ്ടത്.
മൂന്നുദിവസം മുന്‍പാണ് അവസാനമായി വാട്ടര്‍ടാങ്ക് വൃത്തിയാക്കിയതെന്നാണ് വിവരം. ഇതിനുശേഷം ഞായറാഴ്‌ച രാവിലെയാണ് തൊഴിലാളി വീണ്ടും ടാങ്ക് വൃത്തിയാക്കാനും ആമകള്‍ക്ക് തീറ്റ നല്‍കാനും എത്തിയത്. പിന്നാലെയാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. എന്നാൽ, യുവതി ആരാണെന്ന് ആദ്യം വ്യക്‌തമായിരുന്നില്ല.
തുടർന്ന് നടത്തിയ പോലീസ് അന്വേഷണത്തിലാണ് സമീപത്തെ വീട്ടുജോലിക്കാരിയായ ഫാത്തിമയാണ് മരിച്ചതെന്ന് സ്‌ഥിരീകരിച്ചത്. യുവതിയുടെ ദേഹത്ത് സ്വർണാഭരണങ്ങളുണ്ട്. രാവിലെ പത്തുമണിയോടെയാണ് ഫാത്തിമ വീട്ടിൽ നിന്ന് ഇറങ്ങിയതെന്നാണ് വിവരം. വളാഞ്ചേരി സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Most Read| ‘പാകിസ്‌ഥാൻ മോശം ശീലങ്ങൾ തുടരുന്നു; പത്ത് വർഷത്തിനിടയിൽ ഇന്ത്യ ആകെ മാറി’