കോഴിക്കോട്: ജില്ലയിലെ കക്കോടി കേന്ദ്രീകരിച്ച് അടുത്തിടെ ഉണ്ടായ ചെറുതും വലുതുമായ 15ഓളം കവർച്ചയ്‌ക്ക് പിന്നിലെ പ്രതി പിടിയിൽ. അഖിൽ (32) ആണ് പിടിയിലായത്. ചേവായൂർ, എലത്തൂർ, കാക്കൂർ സ്‌റ്റേഷനുകളിൽ രജിസ്‌റ്റർ ചെയ്‌ത വിവിധ കേസുകളിലെ പ്രതിയാണ് ഇയാൾ.
ചേവായൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ കക്കോടി പ്രിൻസ് ഓഡിറ്റോറിയത്തിന് സമീപം കുറ്റിവയലിലെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി മോഷണശ്രമം നടത്തുന്നതിനിടെ വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് അഖിൽ ഇറങ്ങിയോടിയിരുന്നു. കക്കോടി ചെറുകുളം ശശീന്ദ്രബാങ്കിന് സമീപം ഒറ്റത്തെങ്ങ് എന്ന സ്‌ഥലത്ത് വാടകയ്‌ക്ക് താമസിച്ച് വരികയായിരുന്നു.
കടുത്ത സാമ്പത്തിക ബാധ്യതയാണ് മോഷണത്തിലേക്ക് തിരിയാൻ പ്രേരിപ്പിച്ചതെന്ന് ചോദ്യം ചെയ്യലിൽ അഖിൽ പറഞ്ഞു. യൂട്യൂബിൽ രീതികൾ പഠിച്ചാണ് ഇയാൾ മോഷ്‌ടിക്കാൻ ഇറങ്ങിയതെന്നും പോലീസ് പറഞ്ഞു. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണർ അരുൺ കെ. പവിത്രന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡും മെഡിക്കൽ കോളേജ് എസിപി ഉമേഷിന്റെ നേതൃത്വത്തിലുള്ള ചേവായൂർ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
പറമ്പിൽ ബസാറിലെ വീട്ടിൽ നിന്നും 25 പവൻ സ്വർണവും പണവും മോഷ്‌ടിച്ച സംഭവത്തിൽ നടന്ന അന്വേഷണത്തിൽ ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ അന്വേഷണമാണ് അഖിലിന്റെ അറസ്‌റ്റിൽ നിർണായകമായത്. തൊട്ടടുത്ത ദിവസങ്ങളിലായി മേഖലയിൽ നിരവധി മോഷണങ്ങൾ നടന്നിരുന്നു.
ഇതേ തുടർന്ന് പോലീസ് പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. അതിനിടെ, കഴിഞ്ഞദിവസം കക്കോടിയിലെ വീട്ടിൽ മോഷണത്തിന് എത്തിയപ്പോൾ നാട്ടുകാർക്ക് സംശയം തോന്നി പോലീസിനെ വിളിച്ചപ്പോൾ സ്‌കൂട്ടർ ഉപേക്ഷിച്ച് അഖിൽ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പ്രതി എലത്തൂർ സ്‌റ്റേഷൻ പരിധിയിലെ മോരിക്കരയിൽ നിന്നും മറ്റൊരു സ്‌കൂട്ടർ മോഷണം നടത്തി രക്ഷപ്പെട്ടു.
ഈ സ്‌കൂട്ടർ പിന്തുടർന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. അതേസമയം, ചേവരമ്പലത്ത് പുതിയോട്ടിൽ പറമ്പിൽ ഡോ. ഗായത്രിയുടെ വീട്ടിൽ നിന്ന് ഞായറാഴ്‌ച 38 ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ കവർന്ന കേസിൽ അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണ്. വീട്ടിലെ സിസിടിവിയിൽ പതിഞ്ഞയാളുടെ വിവരങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്.
Most Read| മദ്യപിച്ചില്ല, ഊതിക്കലിൽ ‘ഫിറ്റാ’യി കെഎസ്ആർടിസി ഡ്രൈവർ; പ്രതി തേൻവരിക്ക!