എറണാകുളം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ട ഫോണുകൾ പ്രതികൾ ഇന്ന് കൈമാറില്ല. അന്വേഷണ ഉദ്യോഗസ്‌ഥരെ വിശ്വാസമില്ലാത്തതിനാലാണ് ഫോണുകൾ കൈമാറാത്തതെന്ന് പ്രതികൾ വ്യക്‌തമാക്കി. കൂടാതെ ഫോണുകളുടെ ശാസ്‌ത്രീയ പരിശോധന നടത്തുന്നതിനായി അവ അഭിഭാഷകന് കൈമാറിയെന്നും പ്രതികൾ കൂട്ടിച്ചേർത്തു. ഒപ്പം തന്നെ ഫോണുകൾ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കില്ലെന്ന വിവരം പ്രതികൾ രേഖാമൂലം അറിയിക്കുകയും ചെയ്യും.
അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ കഴിഞ്ഞ 3 ദിവസം ദിലീപ് ഉൾപ്പടെയുള്ള 5 പ്രതികളെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തിരുന്നു. തുടർന്ന് ഇന്ന് ഉച്ചക്ക് രണ്ടരയ്‌ക്ക് മുൻപായി പ്രതികളുടെ ഫോണുകൾ അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാക്കാനും നിർദ്ദേശം നൽകിയിരുന്നു. ഗൂഡാലോചനയിൽ കേസ് എടുത്തതിന് പിന്നാലെ ദിലീപ് അടക്കമുള്ള പ്രതികൾ ഒളിപ്പിച്ച മൊബൈൽ ഫോണുകളാണ് ഹാജരാക്കാൻ നിർദ്ദേശിച്ചത്.
ഡിസംബർ ഒമ്പതിന് വധഭീഷണി കേസ് എടുത്തതിന് പിന്നാലെ പ്രതികൾ ഉപയോഗിച്ച അഞ്ച് ഫോണുകൾ പെട്ടെന്ന് മാറ്റിയെന്നും പുതിയ ഫോണുകളിൽ സിംകാർഡ് ഇട്ടുവെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്. ഗൂഡാലോചനയുടെ നിർണായക തെളിവുകൾ ലഭിക്കുമായിരുന്ന ഫോൺ ഒളിപ്പിച്ചത് തെളിവ് നശിപ്പിക്കാൻ ആണെന്നാണ് ക്രൈം ബ്രാഞ്ച് വിലയിരുത്തൽ. ഇന്ന് ഉച്ചയോടെ ഫോൺ ഹാജരാക്കിയില്ലെങ്കിൽ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ച് പ്രതികളെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ആവശ്യം ഉന്നയിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
Read also: ദേശീയ പതാക തലകീഴായി ഉയർത്തി മന്ത്രി; അറിഞ്ഞത് സല്യൂട്ട് സ്വീകരിച്ച ശേഷം