കോഴിക്കോട്: താമരശ്ശേരി ഈങ്ങാപ്പുഴ ഷിബില കൊലപാതക കേസിൽ പോലീസിനെതിരെ നടപടി. ഭർത്താവ് യാസിറിനെതിരെ ഷിബില നൽകിയ പരാതി ഗൗരവത്തോടെ കൈകാര്യം ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി താമരശ്ശേരി ഗ്രേഡ് എസ്ഐ കെകെ നൗഷാദിനെ സസ്പെൻഡ് ചെയ്തു. പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് കൊല്ലപ്പെട്ട ഷിബിലയുടെ കുടുംബം ആരോപിച്ചിരുന്നു.
കഴിഞ്ഞ മാസം 28നാണ് യാസിറിനും കുടുംബത്തിനുമെതിരെ സ്വന്തം കൈപ്പടയിൽ എഴുതി തയ്യാറാക്കിയ പരാതി ഷിബില താമരശ്ശേരി പോലീസിന് കൈമാറിയത്. ലഹരിക്ക് അടിമയായ യാസിർ തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും ഇത് യാസിറിന്റെ വീട്ടുകാർക്ക് അറിയാമെന്നും പരാതിയിൽ പറയുന്നുണ്ട്. എന്നാൽ, യാസിറിനെ കസ്റ്റഡിയിൽ എടുക്കുന്നതിന് പകരം അന്ന് രാത്രി ഇരു കുടുംബങ്ങളെയും വിളിച്ചു വരുത്തി മാധ്യസ്ഥ ചർച്ച നടത്തുക മാത്രമാണ് പോലീസ് ചെയ്തത്.
ഷിബിലയുടെ പരാതി സ്റ്റേഷൻ പിആർഒ കൂടിയായ കെകെ നൗഷാദ് ഗൗരവമായി കൈകാര്യം ചെയ്യുകയോ മേലുദ്യോഗസ്ഥരെ കൃത്യമായി അറിയിക്കുകയോ ചെയ്തില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. അതിനിടെ, അറസ്റ്റിലായ യാസിറിനെ കസ്റ്റഡിയിൽ ലഭിക്കാനായി പോലീസ് താമരശ്ശേരി കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
കക്കാട് നാക്കിലമ്പാട് അബ്ദുറഹ്മാന്റെ മകൾ ഷിബില (24)യെയാണ് ഭർത്താവ് പുതുപ്പാടി തറോൽമറ്റത്ത് വീട്ടിൽ യാസിർ കുത്തിക്കൊന്നത്. 18ന് രാത്രി ഏഴരയോടെ ആയിരുന്നു സംഭവം. പിന്നാലെ രാത്രി 12 മണിയോടെയാണ് യാസിർ പിടിയിലായത്. ഷിബിലയുടെ പിതാവ് അബ്ദു റഹ്മാനെയും മാതാവ് ഹസീനയെയും കുത്തിപ്പരിക്കേൽപ്പിച്ച് കാറിൽ രക്ഷപ്പെട്ട യാസിറിനെ മെഡിക്കൽ കോളേജ് പാർക്കിങ്ങിൽ വെച്ചാണ് പോലീസ് പിടികൂടിയത്.
വീട്ടുകാർക്ക് ഇഷ്ടമില്ലാതെ സ്നേഹിച്ച് വിവാഹം കഴിച്ചു ഒരുമിച്ച് കഴിയുകയായിരുന്നു ഷിബിലയും യാസിറും. വിവാഹത്തിന് മുൻപേ യാസർ ലഹരിക്ക് അടിമയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഇക്കാര്യം ഷിബിലയുടെ വീട്ടുകാർക്ക് അറിയാമായിരുന്നു. അതിനാലാണ് അവർ ഈ ബന്ധത്തെ എതിർത്തത്. യാസിറിന്റെ നിരന്തരമായ ലഹരി ഉപയോഗവും പീഡനവും മൂലം സഹികെട്ട് ഷിബില ഒരുമാസം മുൻപ് സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു.
എന്നാൽ, ഫോൺവിളിച്ചും സാമൂഹിക മാദ്ധ്യമങ്ങൾ വഴിയും യാസർ ഉപദ്രവം തുടർന്നതോടെ ഷിബിലയും വീട്ടുകാരും താമരശ്ശരി പോലീസിൽ ഫിബ്രുവരി 28ന് പരാതി നൽകി. എന്നാൽ, തുടർനടപടി മാധ്യസ്ഥ ചർച്ചയിലൊതുങ്ങി. അടിവാരത്തെ വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന ഷിബിലയുടെയും മകളുടെയും വസ്ത്രങ്ങളും മറ്റും ലഭ്യമാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.
ഇതിലുള്ള വൈരാഗ്യമെന്നോണം യാസിർ ഷിബിലയുടെ വസ്ത്രങ്ങൾ കൂട്ടിയിട്ട് കത്തിച്ചു. ഈ ദൃശ്യങ്ങൾ വാട്സ് ആപ്പിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. കൃത്യം നടന്ന ദിവസം രാത്രി 7.10ന് കാറിലാണ് യാസിർ ഷിബിലയുടെ വീട്ടിലെത്തിയത്. തിരിതിരിച്ചു പോകാൻ പാകത്തിൽ കാർ നിർത്തിയാണ് വീട്ടിലേക്ക് യാസിർ കയറിയത്. തുടർന്ന് ഭാര്യയുമായി വഴക്കിട്ട് വെട്ടുകയായിരുന്നു. തടയാനെത്തിയ മാതാപിതാക്കളെയും വെട്ടി.
Most Read| സമരം കടുപ്പിക്കാനൊരുങ്ങി ആശാ വർക്കർമാർ; 24 മുതൽ കൂട്ട നിരാഹാരം






































