കൊച്ചി: ഓപ്പറേഷൻ നുംകൂറിൽ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ ഹരജി നൽകി. കസ്‌റ്റംസ് നടപടി ചോദ്യം ചെയ്‌താണ് ഹരജി സമർപ്പിച്ചിരിക്കുന്നത്. നിയമവിധേയമായാണ് വാഹനം വാങ്ങിയതെന്ന് ദുൽഖർ ഹരജിയിൽ വ്യക്‌തമാക്കുന്നു.
ഓപ്പറേഷൻ നുംകൂറിമായി ബന്ധപ്പെട്ട് ദുൽഖറിന്റെ നാല് വാഹനങ്ങളാണ് സംശയ നിഴലിലുള്ളത്. രണ്ട് ലാൻഡ് ലോവറും രണ്ട് നിസാൻ വാഹനങ്ങളും. അതിലൊന്നാണ് ഇപ്പോൾ കസ്‌റ്റംസിന്റെ കസ്‌റ്റഡിയിലുള്ളത്. താൻ നിയമപരമായി തന്നെയാണ് ഇടപാടുകളെല്ലാം നടത്തിയതെന്നും, ഹാജരാക്കിയ രേഖകളൊന്നും പരിശോധിക്കാതെ തീർത്തും നിയമവിരുദ്ധമായിട്ടാണ് തനിക്കെതിരെയുള്ള നടപടി എന്നുമാണ് ദുൽഖർ ചൂണ്ടിക്കാട്ടുന്നത്.
വാഹനം പിടിച്ചെടുത്ത നടപടി റദ്ദാക്കാൻ ഉദ്യോഗസ്‌ഥർക്ക് നിർദ്ദേശം നൽകണമെന്നാണ് ദുൽഖറിന്റെ ആവശ്യം. വാഹനം സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കാൻ തയ്യാറാണെന്നും ദുൽഖർ വ്യക്‌തമാക്കിയിട്ടുണ്ട്. അതേസമയം, അടുത്ത ദിവസം തന്നെ ദുൽഖറിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാനുള്ള തീരുമാനത്തിലാണ് കസ്‌റ്റംസ്.
ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്തിന്റെ ഭാഗമെന്ന നിലയിൽ കഴിഞ്ഞ ദിവസമാണ് ദുൽഖർ സൽമാന്റെ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള 2004 മോഡൽ ലാൻഡ് റോവർ ഡിഫൻഡർ കസ്‌റ്റംസ് പിടിച്ചെടുത്തത്. മൂന്ന് സിനിമാ നടൻമാരുടേത് ഉൾപ്പടെ 35 കേന്ദ്രങ്ങളിലാണ് കസ്‌റ്റംസ് കഴിഞ്ഞദിവസം പരിശോധന നടത്തിയത്. 36 വാഹനങ്ങൾ പിടിച്ചെടുത്തു. ഭൂട്ടാനിൽ നിന്ന് വണ്ടി കൊണ്ടുവന്ന ശേഷം കൃത്രിമ രേഖകൾ ഉപയോഗിച്ചാണ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി