മുംബൈ: ബോളിവുഡ് നടൻ സെയ്‌ഫ് അലിഖാനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ശക്‌തമാക്കി പോലീസ്. അക്രമിക്ക് നടന്റെ വീട്ടിലെ ജോലിക്കാരി വാതിൽ തുറന്ന് കൊടുത്തെന്നാണ് പോലീസ് സംശയിക്കുന്നത്. സെയ്‌ഫ് അക്രമിക്കപ്പെടുന്നതിന് രണ്ടുമണിക്കൂർ മുമ്പാണ് അക്രമി വീട്ടിൽ പ്രവേശിച്ചതെന്നാണ് നിഗമനം.
സംഭവത്തിന് തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യങ്ങളിലൊന്നും പ്രതിയില്ല. വീട്ടിലേക്ക് ആരും കയറുന്നത് കണ്ടിട്ടില്ലെന്നാണ് അപ്പാർട്ട്മെന്റിന്റെ സുരക്ഷാ ജീവനക്കാർ പോലീസിന് നൽകിയ മൊഴി. സെയ്‌ഫ് അലിഖാന്റെ ഫ്‌ളാറ്റിലേക്ക് കയറാൻ രഹസ്യ വഴി ഉണ്ടെന്നും ഇത് എത്തുന്നത് നടന്റെ മുറിയിലേക്കാണെന്നും അതുവഴിയാകാം ആക്രമി അകത്തേക്ക് പ്രവേശിച്ചതെന്നുമാണ് പോലീസിന്റെ നിഗമനം.
നടന്റെ ഫ്‌ളാറ്റ് ഉൾപ്പെടുന്ന അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ട്. ഇവിടെ ജോലിക്കെത്തിയ തൊഴിലാളികളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് പുലർച്ചെ രണ്ടര മണിയോടെയാണ് സെയ്‌ഫ് അലിഖാന്റെ വീട്ടിൽ സംഭവം നടക്കുന്നത്. കുട്ടികളുടെ മുറിയിൽ കള്ളൻ കയറിയതായി വീട്ടിലെ സഹായികളിലൊരാൾ മുന്നറിയിപ്പ് നൽകിയതോടെയാണ് സെയ്‌ഫ് മുറിയിലെത്തിയത്.
തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് നടന് കുത്തേറ്റത്. ആറുതവണ കുത്തേറ്റതായാണ് വിവരം. വീട്ടുജോലിക്കാരിയുടെ കൈക്കും പരിക്കേറ്റിട്ടുണ്ട്. സെയ്‌ഫ് അലിഖാനും ഭാര്യ കരീന കപൂറും താമസിക്കുന്ന മുംബൈ ബാന്ദ്ര വെസ്‌റ്റിലെ സത്ഗുരു ശരൺ കെട്ടിടത്തിലാണ് സംഭവം നടന്നത്. 54കാരനായ സെയ്‌ഫ് അലിഖാന്റെ നട്ടെല്ലിന് സമീപവും കഴുത്തിലും ആഴത്തിൽ പരിക്കേറ്റിട്ടുണ്ട്. അടിയന്തിര ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായ സെയ്‌ഫ് അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതർ അറിയിച്ചു.
Most Read| ചരിത്ര നിമിഷത്തിൽ ഐഎസ്ആർഒ; ഡോക്കിങ് പൂർത്തിയായി-സ്‌പേഡെക്‌സ് ദൗത്യം വിജയം