കൊച്ചി: മുൻ മാനേജരെ മർദ്ദിച്ചെന്ന പരാതിയിൽ നടൻ ഉണ്ണി മുകുന്ദനെതിരെ കേസെടുത്ത് പോലീസ്. നടൻ തന്നെ മർദ്ദിച്ചെന്ന് പ്രഫഷണൽ മാനേജർ വിപിൻ കുമാർ പരാതി നൽകിയതിന് പിന്നാലെയാണ് കാക്കനാട് ഇൻഫോ പാർക്ക് പോലീസ് കേസെടുത്തത്. ഉണ്ണി മുകുന്ദൻ വിപിന്റെ കരണത്തടിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും എഫ്ഐആറിലുണ്ട്.
പരാതിക്കാരന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് കേസെടുത്തത്. ടൊവിനോ തോമസ് നായകനായ ‘നരിവേട്ട’യെ പ്രശംസിച്ച് ഇൻസ്‌റ്റാഗ്രാമിൽ പോസ്‌റ്റിട്ടതാണ് മർദ്ദനത്തിന് കാരണമെന്നാണ് വിപിൻ പറയുന്നത്.
കൊച്ചിയിലെ തന്റെ ഫ്‌ളാറ്റിൽ വന്ന് പാർക്കിങ് ഏരിയയിലേക്ക് വിളിച്ചുവരുത്തി അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്യുകയായിരുന്നു. മറ്റൊരു താരം സമ്മാനമായി തന്ന കണ്ണട ചിവിട്ടിപ്പൊട്ടിച്ചുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിപിൻ പരാതിയിൽ പറയുന്നു.
കഴിഞ്ഞദിവസമാണ് വിപിൻ ഉണ്ണി മുകുന്ദനെതിരെ പോലീസിനെ സമീപിച്ചത്. ‘മാർക്കോ’ എന്ന വലിയ വിജയം നേടിയ ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ നായകനായി വന്ന ‘ഗെറ്റ് സെറ്റ് ബേബി’ വൻ പരാജയമായി മാറിയെന്നും അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണെന്നും വിപിൻ പറഞ്ഞു.
ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായി ഉണ്ണി അസ്വാരസ്യത്തിലാണ്. ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിൽ നിന്ന് നിർമാതാക്കളായ ശ്രീഗോകുലം മൂവീസ് പിൻമാറി. ഇത് താരത്തിന് വലിയ ഷോക്കായി. അത് പലരോടും തീർക്കുകയാണെന്നും വിപിൻ പരാതിയിൽ പറയുന്നു.
കൂടെയുള്ളവരോടാണ് ഉണ്ണി ഫ്രസ്‌ട്രേഷൻ തീർക്കുന്നത്. ആറുവർഷമായി താൻ ഉണ്ണിയുടെ മാനേജരാണ്. 18 വർഷമായി താനൊരു സിനിമാ പ്രവർത്തകനാണ്. അഞ്ഞൂറോളം സിനിമകൾക്ക് വേണ്ടി ജോലി ചെയ്‌തിട്ടുണ്ട്. ഉണ്ണി മുകുന്ദനെതിരെ സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്. ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. അതൊക്കെ പിന്നീട് പറയാമെന്നും വിപിൻ കുമാർ പറഞ്ഞു. സിനിമാ സംഘടനകളായ ഫെഫ്‌കയ്‌ക്കും അമ്മയ്‌ക്കും പരാതി നൽകിയിട്ടുണ്ടെന്നും വിപിൻ പറഞ്ഞു.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!