കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ ഉൾപ്പടെ കുറ്റവിമുക്‌തനാക്കിയ വിചാരണക്കോടതി വിധിക്കെതിരെ സർക്കാർ ഉടൻ അപ്പീൽ നൽകും. അപ്പീൽ നൽകാനുള്ള ഡിജിപിയുടെയും സ്‌പെഷ്യൽ പ്രോസിക്യൂട്ടറുടെയും ശുപാർശകൾ സർക്കാർ അംഗീകരിച്ചു.
കേസിൽ നിർണായകമായ ഡിജിറ്റൽ തെളിവുകൾ തള്ളിയത് നിസാരകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണെന്ന് ഡിജിപിയും സ്‌പെഷ്യൽ പ്രോസിക്യൂട്ടറും ചൂണ്ടിക്കാട്ടുന്നത്. കേസിൽ അപ്പീൽ നൽകുമെന്ന് മന്ത്രിമാർ നേരത്തെ വ്യക്‌തമാക്കിയിരുന്നു.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി, എട്ടാംപ്രതി ദിലീപ് ഉൾപ്പടെയുള്ള നാലുപേരെ കുറ്റവിമുക്‌തരാക്കിയ നടപടിയെ ചോദ്യം ചെയ്‌താണ് സർക്കാർ അപ്പീൽ നൽകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി അതിജീവിത നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെയാണ് അപ്പീൽ നടപടികൾ വേഗത്തിലാക്കാൻ സർക്കാർ തീരുമാനിച്ചത്.
കേസിൽ ഒന്ന് മുതൽ ആറുവരെയുള്ള പ്രതികൾക്ക് 20 വർഷം കഠിനതടവും 50,000 രൂപ പിഴയുമാണ് സെഷൻസ് കോടതി വിധിച്ചത്. ഒന്നാംപ്രതി എൻ.എസ് സുനിൽ (പൾസർ സുനി), രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി. മണികണ്‌ഠൻ, നാലാം പ്രതി പി.വി വിജീഷ്, അഞ്ചാം പ്രതി എച്ച്. സലിം (വടിവാൾ സലിം), ആറാം പ്രതി പ്രദീപ് എന്നിവർക്കാണ് കൂട്ടബലാൽസംഗ കേസിൽ 20 വർഷം കഠിനതടവ് വിധിച്ചിരിക്കുന്നത്.
നടൻ ദിലീപ് കേസിലെ എട്ടാം പ്രതിയായായിരുന്നു. എന്നാൽ, ദിലീപിനെതിരെ ഗൂഢാലോചനാക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് വരുന്ന വഴി നടി ലൈംഗികമായി ആക്രമിക്കപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ പ്രതികൾ പകർത്തുകയുമായിരുന്നു.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്








































