കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. വിചാരണാ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്. സിആർപിസി 406 പ്രകാരമാണ് കോടതി മാറ്റുന്നതിനായി സർക്കാർ സുപ്രീം കോടതിയെ സമീപിക്കുക.
കേസിൽ ഹൈകോടതി ഉത്തരവിനെതിരെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നത്. ഹൈകോടതിയിൽ ഉന്നയിച്ച വാദങ്ങൾ തന്നെയാവും സുപ്രീം കോടതിയിലും സർക്കാർ അറിയിക്കുക. നിയമപരമായ എല്ലാ വശങ്ങളും പരിഗണിച്ചല്ല കേസിൽ ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചെതെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിക്കും. 2013ലെ ഭേദഗതി പ്രകാരം മാറ്റങ്ങൾക്ക് അനുസൃതമായല്ല ഹൈകോടതി വിധിയെന്നായിരിക്കും സർക്കാർ ഉന്നയിക്കുന്ന പ്രധാന വാദം.
വിചാരണ കോടതിയിൽ നടന്നിട്ടുള്ള എല്ലാ കാര്യങ്ങളും ഹൈകോടതിയെ അറിയിച്ചിരുന്നു. അക്കാര്യങ്ങളെല്ലാം ചൂണ്ടികാണിച്ചുകൊണ്ടാകും സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കുക.
വിചാരണാകോടതി മാറ്റുന്നതിനായി നേരത്തെ ഹൈകോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ സർക്കാർ ആലോചിച്ചിരുന്നു. എന്നാൽ ഹൈകോടതി ഫുൾ ബെഞ്ചിന്റെ ഉത്തരവ് ഇതിന് തടസമായതിനാലാണ് സിആർപിസി 406 പ്രകാരം കോടതി മാറ്റം ആവശ്യപ്പെട്ടുകൊണ്ട് സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നത്. ഇത് സംബന്ധിച്ച് ഡെൽഹിയിലുള്ള നിയമ വിദഗ്‌ധരുമായി കൂടിയാലോചനകൾ നടന്നുവരികയാണ്.
Read also: ഒളിവിൽ പോയിട്ട് മൂന്നാഴ്‌ച, പൂക്കോയ തങ്ങളെ പിടികൂടാതെ പോലീസ്, പ്രതിഷേധം ശക്‌തമാകുന്നു








































